തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് തൃശൂർ പൂരം എക്‌സിബിഷൻ ഗ്രൗണ്ടിന്റെ വാടക വർദ്ധിപ്പിച്ച വിഷയത്തിൽ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾക്ക് ഒപ്പമാണ് തൃശൂർ അതിരൂപതയെന്ന് ആർച്ച്ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. പ്രശ്‌നങ്ങളും തടസങ്ങളുമില്ലാതെ പൂരം പ്രൗഢിയോടെ നടത്തുന്നതിന് വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കണമെന്നും ബിഷപ്പ് പറഞ്ഞു. സർക്കാരുമായി ഇന്ന് നടക്കുന്ന ചർച്ചയിൽ കൂട്ടിയ വാടക പിൻലവിക്കാനുള്ള തീരുമാനം പ്രതീക്ഷിക്കുന്നതായി ദേവസ്വങ്ങളും അറിയിച്ചു.
പൂരം എക്‌സിബിഷൻ ഗ്രൗണ്ടിന്റെ വാടക വർദ്ധിപ്പിച്ച കാര്യം ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച യോഗം നടക്കാനിരിക്കേയാണ് ദേവസ്വങ്ങൾക്ക് പിന്തുണ അറിയിച്ച് സഭ രംഗത്തെത്തിയത്. അതിരൂപതയുടെ ആസ്ഥാനത്ത് ക്രിസ്തുമസ്- പുതുവത്സരാശംസകൾ നേരാനെത്തിയ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ സഭയുടെ നിലപാടിന് നന്ദി അറിയിച്ചു.
പൂരത്തിന്റെ ചെലവുകൾ കണ്ടെത്താനാണ് ദേവസ്വങ്ങൾ എക്‌സിബിഷൻ നടത്തുന്നത്. 39 ലക്ഷമായിരുന്നു കഴിഞ്ഞ വർഷമെങ്കിൽ ഈ വർഷം 2.2 കോടി രൂപ വാടകയിനത്തിൽ വേണമെന്നാണ് കൊച്ചിൻ ദേവസ്വം ബോർഡിന്റെ ആവശ്യം. ഇതോടെയാണ് തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങൾ പൂരം ചടങ്ങ് മാത്രമാക്കി നടത്തേണ്ടി വരുമെന്ന് അറിയിച്ചത്.