മലപ്പുറം: നിയമങ്ങൾ കാറ്റിൽ പറത്തി താനൂരിൽ മത്സ്യബന്ധന യാനത്തിൽ ഉല്ലാസയാത്ര. ജീവൻ രക്ഷാ ഉപകരണങ്ങളൊന്നും തന്നെയില്ലാതെയാണ് ഉല്ലാസ യാത്ര നടത്തിയത്. ബോട്ടിൽ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നുവെന്നാണ് വിവരം. ഫിഷറീസ് റെസ്‌ക്യൂ ഗാർഡ്‌സിന്റെ നിർദ്ദേശങ്ങൾ അവഗണിച്ചാണ് യാത്ര.
പുതിയ ഇൻബോഡ് വള്ളത്തിന്റെ ഉദ്ഘാടന വേളയിലായിരുന്നു സംഭവം. ഇന്നലെയായിരുന്നു യാത്ര നടത്തിയത്. യാത്രാ വേളയിൽ ജീവൻ രക്ഷാ ഉപകരണങ്ങളൊന്നും തന്നെ വള്ളത്തിൽ ഉണ്ടായിരുന്നില്ല. ആദ്യ ഘട്ടയാത്രയിൽ തന്നെ ഫിഷറീസ് റെസ്‌ക്യൂ ഗാർഡ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഇക്കാര്യങ്ങളെല്ലാം പാടേ അവഗണിച്ചാണ് രണ്ടാമതും യാത്ര നടത്തിയത്.
താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ കർശന നിർദ്ദേശമാണ് ഉല്ലാസയാത്രയുമായി ബന്ധപ്പെട്ട് നൽകിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് ബോട്ടുടമകൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.