എറണാകുളം: സ്വയം രാജാവാണെന്ന് വിശ്വസിക്കുന്നവർ നമുക്കിടയിലുണ്ടെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. തന്റെ വിധി പ്രസ്താവങ്ങൾ മൂല്യങ്ങൾ മുൻനിർത്തിയാണെന്നും ദേവൻ രാമചന്ദ്രൻ പറഞ്ഞു. ഹൈക്കോടതി അവർക്ക് തോന്നിയത് പറയുമെന്ന് മുഖ്യമന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരാമർശം. കലൂരിൽ ശ്രീരാമകൃഷ്ണ സേവാശ്രമത്തിന്റെ വാർഷിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
താൻ രാജാവാണ്. ഇവിടെ നടക്കുന്നതെല്ലാം ഞാൻ വിചാരിക്കുന്നതാണെന്ന് നമ്മളിൽ പലരും തെറ്റിദ്ധരിക്കുന്നു. വൃദ്ധർക്ക് എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ അനുഭവപ്പെട്ടാൽ സ്വന്തം മാതാപിതാക്കൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടായി കണ്ടുവേണം അതിനെ സമീപിക്കാൻ. പെറ്റമ്മയ്‌ക്ക് കൊടുക്കുന്ന ബഹുമാനം മറ്റൊരമ്മയ്‌ക്ക് കൊടുക്കുമ്പോഴാണ് ഒരാൾ മനുഷ്യനാകുന്നത്. സമൂഹത്തിൽ നടക്കുന്ന പലകാര്യങ്ങളും നാം കണ്ടില്ലെന്ന് നടിക്കാറാണ് പതിവ്. കാണുമ്പോഴാണ് അതിന്റെ ബുദ്ധിമുട്ട് മനസിലാകുക. കാരണം, അതിനെ എതിർക്കാൻ നമ്മൾ ശ്രമിച്ചാൽ വിചാരിക്കുന്നതിലും കൂടുതൽ ശക്തികൾ നമുക്ക് എതിരാകും. അത് അങ്ങനെയാണ്.- ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.
ഇന്നത്തെ കാലത്ത് ഏറ്റവും പ്രയാസമേറിയ കാര്യം മറ്റുള്ളവർക്ക് വേണ്ടി സംസാരിക്കുക എന്നതാണ്. ജനങ്ങളുടെ വിശ്വാസ്യതയാണ് നമുക്ക് ലഭിക്കുന്ന അധികാരം. മറ്റൊരാൾക്ക് നമ്മൾ വഴി എന്തെങ്കിലും നല്ലത് വന്നാൽ അതിനും നമ്മൾ പഴി കേൾക്കേണ്ട കാലമാണ്. കാരണം, നമ്മൾ നമുക്ക് വേണ്ടിമാത്രം ജീവിക്കുന്നതുകൊണ്ടായിരിക്കാം. താൻ ചെയ്യുന്ന കാര്യങ്ങൾ എല്ലാം കൊട്ടിഘോഷിച്ച് നടക്കുന്നത് നല്ല ശീലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈക്കോടതിയ്‌ക്കെതിരെ മുഖ്യമന്ത്രി നടത്തിയ പരാമർശത്തിന് പിന്നാലെയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ വാക്കുകൾ. സർക്കാരിനെതിരെയാണ് ഹൈക്കോടതിയുടെ പരാമർശമെന്ന് ആരും വ്യഖ്യാനിക്കേണ്ട. അവർക്ക് വായിൽ തോന്നുന്നത് അവർ പറയുന്നു. അതിൽ നടപ്പാക്കാൻ പറ്റുന്ന കാര്യങ്ങൾ സർക്കാർ നടപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.