ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ നിതീഷ് സംവിധാനം ചെയ്ത ചിത്രമായിരുന്നു ഫാലിമി. നവംബറിൽ റിലീസ് ചെയ്ത ചിത്രം തീയേറ്ററുകളിൽ മികച്ച പ്രതികരണം തന്നെ നേടിയിരുന്നു. ചിത്രത്തിൽ ജഗദീഷും മഞ്ജു പിള്ളയും ശ്രദ്ധേയമായ വേഷങ്ങളിൽ എത്തിയിരുന്നു. ചിത്രം ഒടിടിയിലും ഹിറ്റായി മാറിയിരിക്കുകയാണ്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങളിൽ കാശിയിൽ വച്ച് ജഗദീഷ് മൊട്ടയടിക്കുന്നുണ്ട്. ഇത് മേക്കപ്പ് ആണെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി ജഗദീഷ് മൊട്ടയടിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ നിതീഷ്. വീഡിയോയിൽ കഥാപാത്രത്തിനായി മൊട്ടയടിക്കാൻ ഒരുങ്ങുന്ന ജഗദീഷ് തന്റെ അനുഭവവും പങ്കുവയ്‌ക്കുന്നുണ്ട്.
‘തന്റെ ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ആദ്യമായാണ് ഒരു സിനിമയക്ക് വേണ്ടി മൊട്ടയടിക്കുന്നതെന്ന് ജഗദീഷ് പറയുന്നു. നേരത്തെ പല നടൻമാർക്കും കഥാപത്രത്തിന് വേണ്ടി മൊട്ടയടിക്കാനുള്ള ഭാഗ്യം ഉണ്ടായിട്ടുണ്ട്. എന്നാൽ എനിക്ക് ആ ഭാഗ്യം തന്നിരിക്കുകയാണ് സംവിധായകൻ നിതീഷ്. കഥാപാത്രത്തിനായി മൊട്ടയടിക്കുന്നതിൽ സന്തോഷവും അഭിമാനവുമാണ്. അതിന് വേണ്ടി ഒരു മേക്കപ്പും ഉപയോഗിക്കാൻ തയ്യാറല്ലെന്നും അദ്ദേഹം പറയുന്നു.