മലപ്പുറം: പെരിന്തൽമണ്ണയിൽ വയോധികന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോലീസ്. സംഭവത്തിൽ മകനെ അറസ്റ്റ് ചെയ്തു. പൊന്നിയാകുറുശ്ശി കാരയിൽ ഉണ്ണികൃഷ്ണന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മകൻ വിനോദിനെ അറസ്റ്റ് ചെയ്തത്. ഈ കഴിഞ്ഞ 18-നാണ് കേസിന് ആസ്പദമായ സംഭവം.
രാവിലെ ഉണ്ണികൃഷ്ണൻ ഉറക്കമുണരാത്തതിനെ തുടർന്ന് ഭാര്യയും മകൻ പ്രദീപും ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് കണ്ടെത്തിയത്.
സംഭവം നടക്കുന്നതിന്റെ തലേന്ന് ഉണ്ണികൃഷ്ണനും മകൻ വിനോദും തമ്മിൽ വാക്കുതർക്കവും അടിപിടിയും നടന്നിരുന്നു. ഇതിനിടെ സംഭവിച്ച പരിക്കാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. കേസുമാസി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടക്കുകയാണെന്ന് പോലീസ് അറിയിച്ചു.















