ജമ്മു: സൈനിക വാഹനങ്ങൾക്ക് നേരെ നടന്ന ഭീകരാക്രമണവും അതിർത്തി ജില്ലയായ പൂഞ്ചിൽ നാല് സൈനികർ കൊല്ലപ്പെടുകയും ചെയ്ത സംഭവങ്ങൾക്ക് പിന്നാലെ ജമ്മുകശ്മീർ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. ഭീകരരെ കണ്ടെത്താനുള്ള സൈനിക നടപടികൾ തുടരുന്നതിനിടെയാണ് ജമ്മു മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ കരസേനാ മേധാവി എത്തിയത്. സേനയുടെ പ്രവർത്തനങ്ങളും നിലവിലുള്ള സുരക്ഷാ സാഹചര്യവും അവലോകനം ചെയ്യുന്നതിനായി രജൗരി-പൂഞ്ച് സെക്ടറിലും അദ്ദേഹം സന്ദർശനം നടത്തി.
ഭീകരവിരുദ്ധ പ്രവർത്തനവും ക്രമസമാധാനപാലനവും നിർവ്വഹിക്കാൻ ജനറൽ ഓഫീസർ കമാൻഡിംഗ്-ഇൻ-ചീഫ്, നോർത്തേൺ കമാൻഡ് ലെഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി, ജമ്മു ആസ്ഥാനമായുള്ള വൈറ്റ് നൈറ്റ് കോർപ്‌സിന്റെ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ സന്ദീപ് ജെയിൻ, മുതിർന്ന സിവിൽ അഡ്മിനിസ്‌ട്രേഷൻ, പോലീസ് ഓഫീസർമാർ എന്നിവർ രജൗരി, പൂഞ്ച് എന്നീ ഇരട്ട ജില്ലകളിൽ ക്യാമ്പ് ചെയ്യുന്നുണ്ട്.
വ്യാഴാഴ്ച പൂഞ്ചിലെ സുരൻകോട്ട് മേഖലയിലെ ധേര കി ഗലിക്കും ബഫ്‌ലിയാസിനും ഇടയിലുള്ള ധത്യാർ മോർ എന്ന സ്ഥലത്ത് വച്ച് സൈനിക വാഹനങ്ങൾ ഭീകരർ ആക്രമിച്ചിരുന്നു. ഇതിൽ നാല് സൈനികർ വീരമൃത്യവും വരിച്ചു. പതിയിരുന്നാണ് ഭീകരർ ആക്രമണം നടത്തിയത്. സംഭവ സ്ഥലത്തിന് സമീപം സുരൻകോട്ടും അടുത്തുള്ള രജൗരി ജില്ലയിലെ തനമാണ്ടി വനവും ഉൾക്കൊള്ളുന്ന പ്രദേശത്ത് സൈന്യം വൻ തിരച്ചിൽ തുടരുകയാണ്.















