ചണ്ഡീഗഢ്: ഭീകരരുടെ വെടിയേറ്റ് എട്ട് വർഷമായി അബോധാവസ്ഥയിലായിരുന്ന ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് നാട്ട് അന്തരിച്ചു. ഇന്ന് പുലർച്ചെ ജലന്ധറിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കുപ്‍വാരയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ താടിയെല്ലിന് വെടിയേറ്റിരുന്നു. അതിന് ശേഷം അദ്ദേഹം കോമ സ്റ്റേജിലായിരുന്നു. 2015 നവംബറിലായിരുന്നു അദ്ദേഹം ആക്രമിക്കപ്പെട്ടത്.
160 ടെറിട്ടോറിയൽ ആർമി ബറ്റാലിയന്റെ (ജെഎകെ റൈഫിൾസ്) രണ്ടാമത്തെ കമാൻഡന്റായിരുന്നു ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ്. സേനമെഡൽ നൽകി അദ്ദേഹത്തെ ആദരിച്ചിരുന്നു. 1998-ലാണ് ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗ് സൈന്യത്തിന്റെ ഭാഗമായത്. 14 വർത്തെ സേവനത്തിന് ശേഷം അദ്ദേഹം ടെറിട്ടോറിയൽ ആർമിയിൽ ചേർന്നു.
2015 നവംബർ 25 ന് ജമ്മുവിലെ കുപ്‍വാരയിലെ ഹാജിനക ഗ്രാമത്തിലെ കുടിലിൽ ഒളിച്ചിരുന്ന ഭീകരരാണ് അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം കോമയിലാകുകയായിരുന്നു. ആദ്യം ശ്രീനഗറിലെ മിലിറ്ററി ആശുപത്രിയിലും പിന്നീട് ആർമി റിസർച്ച് ആന്റ് റഫറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഒന്നര വർഷത്തോളം അതേ ആശുപത്രിയിൽ തുടർന്ന അദ്ദേഹത്തെ പിന്നീട് ജലന്ധറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ലെഫ്റ്റനന്റ് കേണൽ കരൺബീർ സിംഗിന്റെ കുടുംബം ജലന്ധറിൽ താമസമാക്കിയാണ് അദ്ദേഹത്തെ പരിപാലിക്കുന്നത്. സൈന്യമാണ് കുടുംബത്തിന് താമസ സൗകര്യം ഒരുക്കിയത്. മാതാപിതാക്കളും ഭാര്യ നവപ്രീത് കൗറും പെൺമക്കളായ ഗുനീത്, അഷ്മീതും അടങ്ങുന്നതാണ് അദ്ദേഹത്തിന്റ കുടുംബം.















