ഭോപ്പാൽ: രാജ്യത്തെ ദരിദ്രരുടെയും യുവാക്കളുടെയും സ്ത്രീകളുടെയും കർഷകരുടെയും ക്ഷേമമാണ് തനിക്ക് പ്രധാനപ്പെട്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇൻഡോറിലെ ഹുകുംചന്ദ് മില്ലിലെ തൊഴിലാളികൾക്ക് 224 കോടി രൂപയുടെ കുടിശ്ശികത്തുക വിതരണം ചെയ്യുന്നതിനായി സംഘടിപ്പിച്ച പൊതുപരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്ര സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇൻഡോറിൽ ആയിരക്കണക്കിന് കോടികളുടെ നിക്ഷേപമാണ് നടന്നത്. ഹുകുംചന്ദ് മില്ലിലെ തൊഴിലാളികൾക്ക് ഏറെ നാളായി മുടങ്ങിക്കിടന്ന പ്രശ്നമാണ് സംസ്ഥാന സർക്കാർ ഇന്ന് പരിഹരിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. ഈ പരിപാടിയുടെ ഭാഗമാകാൻ സാധിച്ചതിൽ വളരെയധികം സന്തോഷമുണ്ട്. കുടിശ്ശിക ലഭിക്കുന്നതോടെ 4,800-ലധികം തൊഴിലാളികൾക്ക് ഇത് പ്രയോജനകരമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
1992-ലാണ് ഇൻഡോറിലെ മിൽ അടച്ചുപൂട്ടിയത്. എന്നാൽ മില്ലിലെ തൊഴിലാളികൾക്ക് അവരുടെ കുടിശ്ശിക ലഭിച്ചിരുന്നില്ല. മദ്ധ്യപ്രദേശ് സർക്കാരിന്റെ നീണ്ട പോരാട്ടത്തിനൊടുവിലാണ് തൊഴിലാളികൾക്ക് അവരുടെ അർഹതപ്പെട്ട കുടിശ്ശിക വിതരണം ചെയ്യാൻ സാധിച്ചത്. തുക ഡിസംബർ 20- ന് ഹൈക്കോടതിയിൽ നിക്ഷേപിച്ചതായി അധികൃതർ അറിയിച്ചു.