ബെംഗളൂരു: കർഷക വിരുദ്ധ പരാമർശവുമായി കർണാടക സഹകരണ വകുപ്പ് മന്ത്രി ശിവാനന്ദ് പാട്ടീൽ. സംസ്ഥാനത്ത് വരൾച്ചയുണ്ടാകണമെന്നാണ് കർഷകരുടെ ആഗ്രഹമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. സംസ്ഥാനത്ത് വരൾച്ചയുണ്ടാകുമെന്നും അത് വഴി കാർഷിക കടങ്ങൾ എഴുതി തള്ളുമെന്നുമാണ് കർഷകരുടെ ആഗ്രഹമെന്നായിരുന്നു മന്ത്രിയുടെ വാദം. ചിക്കോടിയിൽ നടന്ന പരിപാടിയിലാണ് മന്ത്രിയുടെ വിചിത്രവാദം.
കൃഷ്ണാ നദിയിലെ ജലം സൗജന്യമാണ്. വടക്കൻ കർണാടകയിലെ പല പ്രദേശങ്ങളും ഇതിനോടകം വരൾച്ചയുടെ പിടിയിലായി കഴിഞ്ഞു. വിത്തും വളവും പോലും സർക്കാർ സൗജന്യമായി നൽകുന്നുണ്ട്. ഈ സാഹചര്യത്തിൽ സർക്കാർ കടങ്ങൾ എഴുതിത്തള്ളുന്നുണ്ട്. അതിനാൽ ഇപ്പോൾ സംസ്ഥാനത്ത് തുടർച്ചയായി വരൾച്ചയുണ്ടാകണമെന്നാണ് കർഷകരുടെ ആഗ്രഹം. പ്രതിസന്ധി ഘട്ടത്തിൽ കർഷകർക്ക് സർക്കാർ സഹായം നൽകിയിരുന്നു എന്നാൽ എന്നും ഇത് സാധിച്ചെന്ന് വരില്ലെന്നും ശിവാനന്ദ് പാട്ടീൽ പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലം മൂന്നോ നാലോ വർഷത്തിലൊരിക്കൽ സംസ്ഥാനം വൻ വരൾച്ചയെ നേരിടേണ്ടി വരുമെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.
മന്ത്രിയുടെ പ്രസ്താവനയെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിജയേന്ദ്ര യെദ്യൂരപ്പ ശക്തമായി വിമർശിച്ചു. വിവേകശൂന്യമായ പ്രസ്താവന പിൻവലിച്ച് പാട്ടീൽ കർഷക സമൂഹത്തോട് മാപ്പ് പറയണമെന്നും അന്നം തരുന്നവരെ തുടർച്ചയായി അപമാനിക്കുകയും അവരുടെ ജീവിതം നശിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സംസ്കാരമാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നതെന്നും ഈ ഉത്തരവാദിത്തം മന്ത്രി ശിവാനന്ദ പാട്ടീലിനെയാണ് കോൺഗ്രസ് ഏൽപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.















