മുംബൈ: ഇന്ത്യൻ ഇലക്ട്രിക് വാഹനവിപണിയിൽ വലിയ സ്വീകാര്യത നേടിയ കമ്പനിയാണ് ഒല. വിവിധ വേരിയന്റുകളിൽ സ്‌കൂട്ടറുകളെത്തിച്ച് ജനപ്രിയമായി മാറിയ കമ്പനി പുതിയ ചുവടുവയ്പ്പിനായി തയാറെടുക്കുകയാണ്.
ഐപിഒയിലൂടെ 5,500 കോടി രൂപ സമാഹരിക്കാനാണ് ഒല ലക്ഷ്യം വയ്‌ക്കുന്നത്. ഇതോടെ ഐപിഒ നടത്തുന്ന ആദ്യ ഇലക്ട്രിക് വാഹന സ്റ്റാർട്ടപ്പ് കമ്പനിയെന്ന നേട്ടം ഒല സ്വന്തമാക്കും. ഒല സ്ഥാപകനും സിഇഒയുമായ ഭവീഷ് അഗർവാൾ ആകും ഓഹരി വിൽക്കുക. ഓഫർ ഫോർ സെയിലിലൂടെ 4.37 കോടി ഓഹരികളാകും അദ്ദേഹം വിൽക്കുക.
ഒല സെബിക്ക് സമർപ്പിച്ചിരിക്കുന്ന കരട് ഐപിഒ രേഖകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഐപിഒ തീയതി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. അടുത്ത വർഷം ആദ്യം തന്നെ ഓഹരി വിൽപ്പന നടക്കുമെന്നാണ് സൂചന.