ലണ്ടൻ: കളിക്കളത്തിൽ മാത്രമല്ല ഇന്റർനെറ്റിലും സൂപ്പർതാരമായി ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. 2023-ൽ ഏറ്റവും അധികം ആളുകൾ തിരഞ്ഞ ഫുട്‌ബോൾ താരമെന്ന നേട്ടമാണ് മെസി സ്വന്തമാക്കിയത്. എഫ് ബി റെഫ് സ്റ്റാറ്റ്സ് വെബ്‌സൈറ്റാണ് ഇക്കാര്യം പുറത്തുവിട്ടത്. ഖത്തർ ലോകകപ്പിലെ അർജന്റീനയുടെ വിജയം, പിഎസ്ജി വിട്ട് ഇന്റർമിയാമിയിലേക്കുള്ള കൂടുമാറ്റം, ബാലൺ ഡി ഓർ പുരസ്‌കാരം എന്നിവയെല്ലാം ആളുകൾ മെസിയെ തിരയുന്നതിന് കാരണമായി.
ഇന്ത്യയ്‌ക്ക് പുറമെ അമേരിക്കയിലും ഏറ്റവും അധികം ആളുകൾ തിരഞ്ഞത് മെസിയെ തന്നെയാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിലും മെസി തന്നെയായിരുന്നു മുന്നിൽ. തുർക്കി, കാനഡ, ബെൽജിയം, ചൈന, ജർമ്മനി, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, അർജന്റീന, നെതർലൻഡ്സ്, ഘാന, സ്വീഡൻ, ഇറ്റലി എന്നീ രാജ്യങ്ങളിലും മെസി തന്നെയാണ് ഒന്നാമൻ.
കളിക്കളത്തിലെ മെസിയുടെ പ്രധാന എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് സ്വന്തം നാടായ പോർച്ചുഗലിൽ മാത്രമേ മുന്നിൽ എത്താനായുള്ളൂ. എന്നാൽ ഇക്വഡോറിയൻ ഫുട്ബോൾ താരം മൊയ്സെസ് കെയ്സെഡോയാണ് ഇംഗ്ലണ്ടിൽ മുന്നിലെത്തിയത്. ബ്രസീലിൽ നെയ്മറും ഫ്രാൻസിൽ കിലിയൻ എംബാപ്പെയും മുന്നിലെത്തി. മെസിയ്‌ക്ക് പുറമെ മറ്റ് രാജ്യങ്ങളിൽ സ്വാധീനമുണ്ടാക്കാൻ കളിക്കളത്തിലെ മറ്റു വമ്പൻ താരങ്ങൾക്കൊന്നും സാധിച്ചില്ല.















