മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യൻ പ്രതിപക്ഷ നേതാവ് അലക്‌സി നവാൽനിയെ രണ്ടാഴ്ചയായി കാണാനില്ലെന്ന വാർത്തകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ആർട്ടിക്കിലെ ഒരു പീനൽ കോളനിയിലേക്ക് മാറ്റിയതായി റിപ്പോർട്ട്.
അലക്‌സി നവൽനിയെ കണ്ടെത്തിയതായി സഖ്യകക്ഷി നേതാവായ കിര യർമിഷ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. അദ്ദേഹം ഇപ്പോൾ യമലോ-നെനെറ്റ്‌സ് ഓട്ടോണമസ് ഡിസ്ട്രിക്റ്റിലാണുള്ളത്. ഇന്ന് അദ്ദേഹത്തിന്റെ വക്കീൽ നേരിട്ട് കണ്ടിരുന്നു. അലക്‌സി സുഖമായിരിക്കുന്നതായും സഖ്യകക്ഷി നേതാവ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി.
അലക്‌സി നവൽനിയുടെ അഴിമതി വിരുദ്ധ ഫൗണ്ടേഷൻ കൈകാര്യം ചെയ്യുന്ന ഇവാൻ ഷ്ദനോവും അദ്ദേഹത്തെ കുറിച്ച് വിവരങ്ങൾ പങ്കുവെച്ചിരുന്നു. 2021 ൽ ജയിലിൽ അടയ്‌ക്കപ്പെടുന്നതിന് മുമ്പ് അലക്‌സി നവൽനി വലിയ സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു.















