തിരുവനന്തപുരം: ഇത്തവണയും കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ പഴയിടം മോഹനൻ നമ്പൂതിരി തന്നെ എത്തും. നോൺവെജ് വിവാദത്തെ തുടർന്ന് വരും വർഷങ്ങളിൽ കലോത്സവ വേദിയിൽ ഭക്ഷണമൊരുക്കാൻ ഉണ്ടാകില്ലെന്ന് പഴയിടം നമ്പൂതിരി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം മാത്രമായിരിക്കുമെന്ന് സർക്കാർ അറിയിച്ചതോടെ പാചകത്തിനുള്ള ടെൻഡറിൽ അദ്ദേഹം പങ്കെടുക്കുകയായിരുന്നു.
താൻ ഉന്നയിച്ചിരുന്ന പ്രശ്‌നങ്ങൾ പരിഹരിച്ചു. ജനുവരി 3ന് കൊല്ലത്ത് ആരംഭിക്കുന്ന കലോത്സവ കലവറയിൽ താൻ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കലോത്സവത്തിന് ഭക്ഷണമൊരുക്കാൻ മൂന്നു പേരാണ് ടെൻഡർ നൽകിയത്. അതിൽ നിന്നാണ് പഴയിടം മോഹനൻ നമ്പൂതിരിയെ തന്നെ നിശ്ചയിക്കാൻ ഭക്ഷണ കമ്മിറ്റി തീരുമാനിച്ചത്.
കലോത്സവ വേദികളിൽ നോൺ വെജ് ഭക്ഷണവും ഉൾപ്പെടുത്തണമെന്ന ആവശ്യം കഴിഞ്ഞ വർഷം ഉയർന്നിരുന്നു. ഇത് പിന്നീട് പഴയിടത്തെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലേയ്‌ക്ക് ചർച്ചയെ കൊണ്ടുപോയി. ഇതോടെ സ്‌കൂൾ മേളകളുടെ ഊട്ടുപുരയിലേക്ക് ഇനി താൻ ഉണ്ടാവില്ലെന്ന് പഴയിടം വ്യക്തമാക്കുകയും ചെയ്തിരുന്നു.
കലോത്സവ സംഘാടക സമിതിയുടെ ആദ്യയോഗത്തിൽ തന്നെ ഭക്ഷണം സംബന്ധിച്ച് മന്ത്രി വി ശിവൻകുട്ടി നിലപാട് പ്രഖ്യാപിച്ചിരുന്നു. വെജിറ്റേറിയൻ ഭക്ഷണം മാത്രമേ കലോത്സവത്തിൽ വിതരണം ചെയ്യൂ എന്ന് അറിയിക്കുകയും ചെയ്തു. ഇതോടെയാണ് പഴയിടം കലോത്സവ വേദിയിലെ ഊട്ടുപുരയിലേക്ക് എത്തുന്നത്. കഴിഞ്ഞ 16 വർഷമായി പഴയിടമാണ് സ്‌കൂൾ കലോത്സവത്തിന് ഭക്ഷണമൊരുക്കുന്നത്.















