രാജ്യത്തിനായി കളിക്കാൻ താത്പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്ന് താരങ്ങളെ വിലക്ക് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. പ്രധാന താരങ്ങളായ നവീൻ ഉൾ ഹഖ്, ഫസൽ ഫറൂക്കി, മുജീബ് റഹ്മാൻ എന്നിവരാണ് വിലക്ക് നേരിടുന്നത്. ഇവർക്ക് ലീഗുകളിൽ കളിക്കാൻ നൽകിയിരുന്ന എൻ.ഒ.സിയും റദ്ദാക്കിയിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാനായി അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ സെൻട്രൽ കരാർ ഒപ്പിടാതെ ഒഴിവാകാൻ തീരുമാനിച്ചിരുന്നതായി ചൂണ്ടിക്കാട്ടിയാണ് വിലക്ക്.
രാജ്യത്തിനാണ് ഏതൊരു താരവും മുൻഗണന നൽകേണ്ടത്. ഇവർ പണത്തിനുവേണ്ടി ഫ്രാഞ്ചൈസി ക്രിക്കറ്റിനാണ് മുൻഗണന നൽകിയത്. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ നിയമങ്ങൾ ഏതൊരു താരവും അനുസരിക്കണം. രാജ്യത്തിനെ പ്രതിനിധീകരിക്കാനാകണം അവർ മുൻഗണന നൽകേണ്ടത്. അടുത്ത രണ്ടു വർഷത്തേക്ക് ഈ താരങ്ങൾക്ക് എൻഒസി അഫ്ഗാനിസ്ഥാൻ ബോർഡ് നൽകില്ല. സെൻട്രൽ കോൺടാക്ടിൽ നിന്ന് ഈ താരങ്ങൾ മാറിനിൽക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് ഈ നടപടി’ ബോർഡ് വ്യക്തമാക്കുന്നു.
വിവിധ ഫ്രാഞ്ചൈസി ലീഗുകളിൽ പണം വാരൽ താരങ്ങളാണ് ഈ മൂവരും. ഐപിഎല്ലിലും പൊന്നുംവിലയുള്ള താരങ്ങൾ അഫ്ഗാനിസ്ഥാന്റെ സെൻട്രൽ കോൺട്രാക്ട് ഉപേക്ഷിച്ച് ഫ്രാഞ്ചൈസി ലീഗിലേക്ക് കൂടുതൽ ശ്രദ്ധ നൽകിയതാണ് ബോർഡിനെ പ്രകോപിപ്പിച്ചത്. ഐപിഎൽ മിനി ലേലത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സാണ് സ്പിന്നർ മുജീബ് റഹ്മാനെ സ്വന്തമാക്കിയത്. രണ്ടുകോടി രൂപയ്‌ക്കായിരുന്നു മുജീബിനെ ടീമിലെത്തിച്ചത്. നവീൻ ഉൾ ഹക്ക് നിലവിൽ ലക്‌നൗ സൂപ്പർ ജയന്റ്‌സും ഫസൽ ഫറൂക്കിയെ സൺറൈസേഴ്‌സ് ഹൈദരാബാദും നിലനിർത്തിയിരുന്നു.