ന്യൂഡൽഹി : അയോദ്ധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് രാഷ്‌ട്രീയവത്ക്കരിക്കുന്നതിനാലാണ് താൻ പങ്കെടുക്കാത്തതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി . ഡിസംബർ 23 ന് രാമക്ഷേത്ര നിർമ്മാണ സമിതി തലവൻ നൃപേന്ദ്ര മിശ്ര സീതാറാം യെച്ചൂരിയെ കാണുകയും രാമക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ ക്ഷണിക്കുകയും ചെയ്തിരുന്നു.എന്നാൽ, ക്ഷണം സീതാറാം യെച്ചൂരി നിരസിച്ചു . മതം വ്യക്തിപരമായ തിരഞ്ഞെടുപ്പാണെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
“നൃപേന്ദ്ര മിശ്ര ജി വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) നേതാവിനൊപ്പം വന്ന് എനിക്ക് ക്ഷണക്കത്ത് നൽകി. സിപിഐ എമ്മിനെ സംബന്ധിച്ചിടത്തോളം, ഓരോ വ്യക്തിക്കും അവരവരുടെ പ്രത്യേക വിശ്വാസം തിരഞ്ഞെടുക്കാനുള്ള അവകാശത്തെ ഞങ്ങൾ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു. എങ്കിലും, ഈ ഉദ്ഘാടന ചടങ്ങ് സംസ്ഥാന സ്‌പോൺസേർഡ് പരിപാടിയായി മാറി. പ്രധാനമന്ത്രിയും യുപി മുഖ്യമന്ത്രിയും ഭരണഘടനാ പദവികൾ വഹിക്കുന്ന മറ്റുള്ളവരും ചടങ്ങിൽ പങ്കെടുക്കും. ഈ രാഷ്‌ട്രീയവൽക്കരണം ശരിയല്ല,” യെച്ചൂരി പറഞ്ഞു.
പിന്നീട് യെച്ചൂരി ക്ഷണം നിരസിച്ചതായി സ്ഥിരീകരിക്കുന്ന പ്രസ്താവനയും സിപിഐഎമ്മും പുറത്തിറക്കി. “മത വിശ്വാസങ്ങളെയും ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനുള്ള അവകാശത്തെയും മാനിക്കുക എന്നതാണ് ഞങ്ങളുടെ നയം. ക്ഷണം ലഭിച്ചെങ്കിലും സഖാവ് സീതാറാം യെച്ചൂരി ചടങ്ങിൽ പങ്കെടുക്കില്ല. ,” സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി.















