ന്യൂഡൽഹി: ഉപയോക്താക്കൾ ഐടി നിയമങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് നിർദ്ദേശം നൽകി കേന്ദ്ര സർക്കാർ. പ്രമുഖ വ്യക്തിത്വങ്ങൾക്കെതിരെയുള്ള ഡീപ് ഫേക്ക് ആക്രമണം കണക്കിലെടുത്താണ് നീക്കം. ഇൻസ്റ്റഗ്രാം, എക്‌സ് എന്നീ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകൾക്കുൾപ്പെടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നിർമ്മിത ബുദ്ധിയിലൂടെ കൃത്രിമ ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കുന്നത് വർദ്ധിച്ച സാഹചര്യത്തിൽ ഐടി മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു.
അനുവദനീയമല്ലാത്ത ഉള്ളടക്കങ്ങൾ ഏതെല്ലാമെന്ന് എല്ലാ ഭാഷകളിലും വ്യക്തമാക്കിയിരിക്കണമെന്ന് നിർദ്ദേശത്തിൽ പറയുന്നു. നിയമലംഘകരെ റിപ്പോർട്ട് ചെയ്യുന്നതിലുണ്ടാകുന്ന പിഴവ് മാദ്ധ്യമങ്ങളുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴ്ചയാണ്.തെറ്റായ വിവരങ്ങൾ ഇന്റർനെറ്റ് ഉപയോക്താക്കളുടെ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ഐടി മന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ഡീപ് ഫേക്കുകളെന്നത് രാജ്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണിയാണെന്ന് പ്രധാനമന്ത്രി മുമ്പ് വ്യക്തമാക്കിയിരുന്നു. ഇത് സമൂഹത്തിൽ പ്രതിസന്ധി സൃഷ്ടിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.















