ശ്രീനഗർ: കാൽനടയായെത്തുന്ന തീർത്ഥാടകരുടെ എണ്ണത്തിൽ പത്ത് വർഷം മുൻപുള്ള കണക്ക് മറികടന്ന് കശ്മീരിലെ വൈഷ്‌ണോദേവീ ക്ഷേത്രം. തിങ്കളാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം 93.50 ലക്ഷം തീർത്ഥാടകരാണ് വൈഷ്‌ണോദേവി ഗുഹാക്ഷേത്രത്തിൽ ഈ വർഷം ദർശനം നടത്തിയത്. കശ്മീരിലെ ത്രികൂട കുന്നുകളുടെ ചരിവുകളിൽ കത്രയിലാണ് വൈഷ്ണോദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

2013-ലെ കണക്ക് പ്രകാരം 93.24 ലക്ഷം തീർത്ഥാടകരാണ് കാൽനടയായി ക്ഷേത്രദർശനം നടത്തിയത്. ഇത് ഭേദിച്ചാണ് ഈ വർഷം 93.50 ലക്ഷത്തിലധികം തീർത്ഥാടകർ വൈഷ്ണോദേവീ ക്ഷേത്രത്തിലെത്തിയത്. തീർത്ഥാടന ചരിത്രത്തിൽ 2012-ലാണ് ഏറ്റവും കൂടുതൽ തീർത്ഥാടകർ ക്ഷേത്രദർശനം നടത്തിയത്. 1,04,09,569 തീർത്ഥാടകർ 2012-ൽ ക്ഷേത്രദർശനം നടത്തി.

പ്രതിദിനം 37,000 മുതൽ 44,000 വരെ തീർത്ഥാടകരാണ് കാൽനടയിയായി ക്ഷേത്രത്തിലെത്തുന്നത്. ഈ വർഷം അവസാനത്തോടെ നിലവിലുള്ള കണക്കിലേക്ക് 50,000ത്തിലധികം തീർത്ഥാടകർ കൂടി എത്തുമെന്നാണ് വിലയിരുത്തൽ. മാതാ വൈഷ്ണോ ദേവിഭവനിലും ദുർഗാ ഭവനിലും സ്കൈവാക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്.

കത്രയിലെ ദേവാലയ ബേസ് ക്യാമ്പിൽ ഭക്തർക്കായി അത്യാധുനിക കോൾ സെന്ററുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇത് മുഴുവൻ സമയവും പ്രവർത്തനക്ഷമമാണ്. ലോകമെമ്പാടുമുള്ള തീർത്ഥാടകർക്ക് ഈ കോൾ സെന്റർ സൗകര്യപ്രദമായിരിക്കും.















