‘പള്ളി പൊളിച്ചിടത്ത് കാൽവയ്‌ക്കുമോ..? കോൺഗ്രസ് പാഠപുസ്തകത്തിലെ ചവർ മാത്രമായി ഒതുങ്ങും’; വിരട്ടലുമായി സമസ്ത

Published by
Janam Web Desk

കോഴിക്കോട്: രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം സ്വീകരിച്ച കോൺഗ്രസിനെതിരെ സമസ്ത കേരള ജംയുത്തുൽ ഉലമ. മുഖപത്രമായ സുപ്രഭാതത്തിലെ മുഖപ്രസംഗത്തിലാണ് രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കുന്നതിനെ വിലക്കിക്കൊണ്ടുള്ള ലേഖനം. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പറയാൻ കോൺഗ്രസ് നേതൃത്വം ആർജ്ജവം കാണിക്കണമെന്നും മൃദു ഹിന്ദുത്വ നിലപാട് വെടിയണമെന്നും സമസ്ത ആവശ്യപ്പെട്ടു. സോണിയ അടക്കമുള്ള നേതാക്കൾ അതിന് ധൈര്യം കാണിക്കണമെന്നും ‘പള്ളി പൊളിച്ചിടത്ത് കാൽവയ്‌ക്കുമോ കോൺഗ്രസ്’ എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിൽ പറയുന്നു.

ഇന്ത്യയെ ഹിന്ദുരാഷ്‌ട്രമാക്കാനുള്ള ലിറ്റ്മസ് ടെസ്റ്റാണ് അയോദ്ധ്യയില് ജനുവരി 22 ന് നടക്കുന്നതെന്നും അതിൽ കോൺഗ്രസ് വീണുപോകരുതെന്നും ലേഖനത്തിൽ പറയുന്നു. ഗുജറാത്തിൽ പയറ്റി പരാജയപ്പെട്ട മൃദുഹിന്ദുത്വ നിലപാട് വെടിയണം. മൃദുഹിന്ദുത്വ നിലപാടാണ് കോൺഗ്രസിനെ ഇന്നത്തെ ഈ നിലയിലെത്തിച്ചത്. ഹിന്ദിഹൃദയ ഭൂമിയിൽ ഹിമാചലിൽ മാത്രമായി കോൺഗ്രസ് ഒതുങ്ങാൻ കാരണവും ഇതുതന്നെയാണ്. മതേതര ജനാധിപത്യ കക്ഷികളെ ഒരുമിപ്പിച്ചു നിർത്താനുള്ള നിലപാടിലേക്ക് ഇനിയെങ്കിലും കോൺഗ്രസ് നേതൃത്വം തിരിച്ചുപോകണം. ഇല്ലെങ്കിൽ കോൺഗ്രസിനെ വിശ്വസിച്ച് ഇത്രയും കാലം ഒപ്പം നിന്ന വിഭാഗങ്ങൾ മറ്റ് രാഷ്‌ട്രീയ ബദലിലേക്ക് ചേക്കേറും. കോൺഗ്രസ് പാഠപുസ്തകത്തിലെ ചവർ മാത്രമായി ഒതുങ്ങുമെന്നും ലേഖനത്തിൽ മുന്നറിയിപ്പ് നൽകുന്നു.

ചടങ്ങിൽ പങ്കെടുക്കില്ലെന്ന് യെച്ചൂരിയും ഡി. രാജയും നിലപാടെടുത്തതിനെ പ്രശംസിച്ച സമസ്ത, കോൺഗ്രസ് നിലപാട് ഇനിയെങ്കിലും തിരുത്തിയില്ലെങ്കിൽ 2024ലും ബിജെപി തന്നെ അധികാരത്തിലെത്തുമെന്ന് മുന്നറിയിപ്പ് നൽകുന്നു. അതിന് ഉദാഹരണമാണ് മൂന്ന് സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ ബിജെപി കൈവരിച്ച വിജയമെന്നും മുഖപ്രസംഗത്തിൽ പറയുന്നു.

22 ന് നടക്കുന്ന പ്രാണപ്രഷ്ഠാ ചടങ്ങിൽ രാജ്യത്തെ പ്രമുഖ രാഷ്‌ട്രീയ പാർട്ടികളെയെല്ലാം ക്ഷേത്ര ട്രസ്റ്റ് ക്ഷണിച്ചിരുന്നു. കോൺഗ്രസിൽ നിന്നും പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, സോണിയഗാന്ധി, കോൺഗ്രസ് ലോക്സഭ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് എന്നിവർക്കാണ് ക്ഷണം ലഭിച്ചത്.

 

 

 

 

Share
Leave a Comment