മലയാളമടക്കം മിക്ക തെന്നിന്ത്യൻ ഭാഷാ ചിത്രങ്ങളിലും തന്റെ കഴിവ് തെളിയിച്ച നടനാണ് വിജയ് സേതുപതി. ബോളിവുഡിലും അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു താരം. കത്രീന കൈഫിന്റെ നായകനായെത്തുന്ന ‘മേരി ക്രിസ്മസാണ്’ സേതുപതിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. സിനിമയിൽ എത്തുന്നതിന് മുൻപ് എന്ത് ജോലിയായിരുന്നു താങ്കൾ ചെയ്തിരുന്നതെന്നായിരുന്നു അവതാരകന്റെ ചോദ്യം.
‘ സിനിമയിൽ എത്തുന്നതിന് മുമ്പ് ഒരുപാട് ജോലികൾ ചെയ്തിട്ടുണ്ട്. ആദ്യം ഇവന്റ് ഡെക്കറേറ്ററായാണ് ജോലി നോക്കിയിരുന്നത്. ആ സമയത്തൊക്കെ സിനിമയിൽ അവസരത്തിനായി ശ്രമിച്ചിരുന്നു, എന്നാൽ സാധിച്ചില്ല. പിന്നീട് പ്രണയിച്ച് വിവാഹം കഴിച്ചു. മകൻ ജനിച്ചതോടെ ചിലവുകൾ കൂടി വന്നു. അങ്ങനെ അക്കൗണ്ടന്റായി ജോലി നോക്കി. ആദ്യം ചെന്നൈയിലും പിന്നീട് ദുബായ്‌ലും ജോലിനോക്കി. പിന്നീട് നാട്ടിൽ തിരിച്ചെത്തി വീണ്ടും സിനിമയിൽ അവസരങ്ങൾ തേടി. ജൂനിയർ ആർട്ടിസ്റ്റായിട്ടായിരുന്നു സിനിമയിൽ എത്തിയതെന്നും വിജയ് സേതുപതി പറഞ്ഞു.
വിജയ് സേതുപതി ആദ്യമായി നായകനായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ‘മേരി ക്രിസ്മസ്’. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. ശ്രീറാം രാഘവനാണ് ചിത്രത്തിന്റെ സംവിധാനം. ഹിന്ദിയിലും തമിഴിലുമെത്തുന്ന ചിത്രം ജനുവരി 12-ന് തിയേറ്ററുകളിൽ എത്തും.