ന്യൂഡൽഹി: രാജ്യത്തെ പെൺകുട്ടികൾക്ക് മതിയായ അവസരങ്ങൾ ലഭിച്ചാൽ എല്ലാ മേഖലയിലും ആൺകുട്ടികളെ മറികടന്ന് അവർ മുന്നേറുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. ഡൽഹിയിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസിന്റെ ( ഐഎൽബിഎസ് ) കോൺവൊക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
ഐഎൽബിഎസിൽ നിന്ന് ഇന്ന് ബിരുദം നേടുന്ന 65 വിദ്യാർത്ഥികളിൽ 37 പേരും പെൺകുട്ടികളായതിൽ എനിക്ക് സന്തോഷമുണ്ട്. പെൺകുട്ടികൾക്ക് അവസരങ്ങൾ നൽകിയാൽ അവർ ആൺകുട്ടികളെ മറികടക്കും എന്നതിന്റെ ഉദാഹരണമാണിത്. ആരോഗ്യമേഖലയ്‌ക്ക് ഇന്ന് ലഭിച്ച മികച്ച ഡോക്ടർമാരാണ് നിങ്ങൾ. സൂപ്പർ സ്‌പെഷ്യലിസ്റ്റുകൾ എന്ന നിലയിൽ ഉത്തരവാദിത്തങ്ങൾ പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. – രാഷ്‌ട്രപതി പറഞ്ഞു
ആരോഗ്യരംഗത്ത് കഴിഞ്ഞ 13 വർഷത്തിനിടയിൽ ഐഎൽബിഎസ് തങ്ങളുടെ വ്യക്തിമുദ്ര സ്ഥാപിച്ചിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ചികിത്സയാണ് രോഗികൾക്ക് ഐഎൽബിഎസിൽ ലഭിക്കുന്നത്. ഇത്തരത്തിൽ ചികിത്സ സൗകര്യങ്ങൾ ലഭിക്കുന്നതിലൂടെ അന്താരാഷ്‌ട്ര തലത്തിൽ ഇന്ത്യയുടെ ആരോഗ്യമേഖല മുൻപന്തിയിലാണുള്ളത്.
രോഗങ്ങളിൽ മുക്തരായിരിക്കാൻ എല്ലാവരും ആരോഗ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. കരൾ രോഗങ്ങൾ തടയാനും അവയവ ദാനത്തെ പറ്റിയും ജനങ്ങൾക്കിടയിൽ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്. മനുഷ്യ ശരീരത്തിലെ പ്രധാന അവയവമായ കരൾ ആരോഗ്യത്തോടെയിരുന്നാൽ പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം ഉൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങളെ ഒരു പരിധി വരെ തടയാനാകുമെന്നും രാഷ്‌ട്രപതി പറഞ്ഞു.















