കോലാപ്പൂർ : അനധികൃതമായി കെട്ടിപ്പൊക്കിയ മദ്രസയ്ക്കും , മസ്ജിദിനുമെതിരെ പോലീസ് നടപടി . കോലാപ്പൂരിലെ ലക്ഷതീർഥ കോളനിയിലെ അനധികൃത മദ്രസയും , മസ്ജിദുമാണ് പോലീസും, മുനിസിപ്പൽ കോർപ്പറേഷന്റെ കയ്യേറ്റ വിഭാഗവും റെയ്ഡ് നടത്തി പൂട്ടിച്ചത് . അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ വൻ പോലീസ് സന്നാഹം ഏർപ്പെടുത്തിയിരുന്നു.
ലക്ഷതീർഥ കോളനിയിലെ അനധികൃത മസ്ജിദും, മദ്രസയും സംബന്ധിച്ച് വിശ്വഹിന്ദു പരിഷത്തിന്റെ പേരിൽ നഗരസഭയിലെ കൈയേറ്റ വിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. ഇതനുസരിച്ച് നഗരസഭാ ഉദ്യോഗസ്ഥർ പോലീസ് സേനയ്‌ക്കൊപ്പം കോളനിയിൽ എത്തി . ലക്ഷതീർഥ കോളനിയിലേക്കുള്ള പ്രധാന പാത മുതൽ ആരാധനാലയം വരെ പോലീസ് ബാരിക്കേഡുകൾ സ്ഥാപിച്ച് എല്ലായിടത്തും സുരക്ഷ ഏർപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് നഗരസഭയിൽ ചൊവ്വാഴ്ച യോഗം ചേർന്നു. അനുമതി ലഭിക്കുന്നതുവരെ അടച്ചിടുമെന്ന നിലപാടാണ് മദ്രസ നടത്തിപ്പുകാർ സ്വീകരിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെ ഉദ്യോഗസ്ഥസംഘം പരിശോധനക്കെത്തി. തുടർന്ന് മസ്ജിദും , മദ്രസയും അടച്ചു പൂട്ടി .കോലാപൂർ ജില്ലയിൽ ഉൾപ്പെടെ നഗരത്തിൽ പലയിടത്തും അനധികൃത ആരാധനാലയങ്ങളുണ്ടെന്ന് ഹിന്ദുത്വ സംഘടനകൾ പറയുന്നു.















