ന്യൂഡൽഹി: യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ അതിവേഗം വ്യാപിക്കുകയും ചെയ്ത കൊറോണയുടെ ഉപവകഭേദം ജെഎൻ വൺ ഡൽഹിയിൽ സ്ഥിരീകരിച്ചു. ഡൽഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് ഇക്കാര്യം അറിയിച്ചത്.
ജെഎൻ-1 ആണോയെന്ന് സ്ഥിരീകരിക്കുന്നതിനായി മൂന്ന് സാമ്പിളുകളാണ് പരിശോധനയ്‌ക്ക് അയച്ചത്. പരിശോധനാ ഫലത്തിൽ ഒരെണ്ണം ജെഎൻ-1 ആണെന്നും മറ്റ് രണ്ടെണ്ണം ഒമിക്രോണുമാണെന്ന് തിരിച്ചറിഞ്ഞെന്ന് ഭരദ്വാജ് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടയിൽ ഡൽഹിയിൽ ഒമ്പത് പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 39 കൊറോണ ബാധിതരാണ് സംസ്ഥാനത്ത് നിലവിലുള്ളത്. മറ്റ് രോഗലക്ഷണങ്ങളുമായി സ്വകാര്യആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ മരണപ്പെട്ടിട്ടുണ്ട്. ഇയാൾക്ക് കൊറോണയുടെ ചില ലക്ഷണങ്ങളും ഉണ്ടായിരുന്നു. ജെഎൻ1 ആണോ എന്നറിയാൻ സ്രവം പരിശോധനയ്‌ക്ക് അയച്ചെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ഔദ്യോഗിക വക്താവ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 529 പുതിയ കൊറോണ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 4,093 കൊറോണ രോഗികളാണ് ചികിത്സയിലുള്ളത്. 24 മണിക്കൂറിനുള്ളിൽ മൂന്ന് മരണങ്ങളും കൊറോണയെ തുടർന്ന് രാജ്യത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. കർണാടകയിൽ രണ്ട് പേരും ഗുജറാത്തിൽ ഒരാളുമാണ് മരിച്ചത്.















