തിരുവനന്തപുരം; മറിയക്കുട്ടിയെ വീണ്ടും അധിക്ഷേപിച്ച് സിപിഎം. കേരളത്തിന്റെ രാഷ്‌ട്രീയ അധപതനത്തിന്റെ തെളിവാണ് മറിക്കുട്ടിയെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വർഗീസ്. സിപിഎം ഒഴിച്ച് മറ്റേത് പാർട്ടികൾ വിളിച്ചാലും അതു തിരഞ്ഞെടുക്കുമെന്ന് മറിയക്കുട്ടി പറഞ്ഞത് മറ്റു പാർട്ടികളുടെ രാഷ്‌ട്രീയ അധപതനത്തിന്റെ തെളിവാണെന്നും വർഗീസ് പറഞ്ഞു.
”രാവിലെ മറിയക്കുട്ടി ഒരു പാർട്ടിയുടെ കൂടെയാണ്. ഉച്ചയ്‌ക്ക് ശേഷം മറ്റൊരു പാർട്ടിയുടെ കൂടെയുമാണ്. മറിയക്കുട്ടിയെ നേരിടാനുള്ള ഇച്ഛാശക്തി സിപിഎംമ്മിനുണ്ട്. കുറച്ചെങ്കിലും ഇച്ഛാശക്തിയുണ്ടായിരുന്നെങ്കിൽ പിണറായി സർക്കാർ നൽകിയ പെൻഷൻ അവർ നിഷേധിക്കണമായിരുന്നു”- സിവി വർഗീസ് പറഞ്ഞു.
സിപിഎമ്മിനെ ആരും കേസ് കൊടുത്ത് പേടിപ്പിക്കാൻ ഉദ്ദേശിക്കേണ്ടയെന്നും നിയമപരമായി നേരിടേണ്ട കേസുകൾ അങ്ങനെയും അല്ലാത്തവ രാഷ്‌ട്രീയപരമായും നേരിടാൻ സിപിഎമ്മിന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറിയ കുട്ടി തങ്ങൾക്ക് ഒന്നുമല്ലെന്നും സിപിഎമ്മിന്റെ ചിത്രത്തിൽ അത്തരത്തിൽ ഒരാളോ അയാളുടെ ചിന്ത പോലുമില്ലെന്നുമാണ് സിപിഎമ്മിന്റെ വാദം. മറിയക്കുട്ടിയുടെ നീക്കങ്ങൾ രാഷ്‌ട്രീയപ്രേരിതമാണെന്ന് പറഞ്ഞതിൽ സർക്കാരിനെ കോടതി രൂക്ഷമായി വിമർശിക്കുകയും പെൻഷൻ നൽകാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിനുശേഷവും മറിയക്കുട്ടിയെ അതിരൂക്ഷമായി അധിക്ഷേപിച്ച് എത്തിയിരിക്കുകയാണ് സിപിഎം.















