തിരുവനന്തപുരം: വിശ്വാസിയെ മുട്ടിലിഴപ്പിച്ച് പൊതുമാപ്പ് പറയിപ്പിച്ച് ഇടവക നേതൃത്വം. പള്ളിയുടെ സ്ഥലം ജനങ്ങൾ അറിയാതെ മറിച്ചു വിറ്റത് ചോദ്യം ചെയ്തതിനാണ് ഇടവക ക്രൂരമായി പ്രതികരിച്ചത്. കരകുളം ലത്തീൻ കത്തോലിക്കാ ദേവാലയത്തിലാണ് സംഭവം. സഭയെ ചോദ്യം ചെയ്ത മിൻഡ്രസ് എന്ന യുവാവിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്.
പള്ളിയുടെ സ്ഥലം വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കമാണ് പൊതുമാപ്പിൽ അവസാനിപ്പിച്ചിരിക്കുന്നത്. ഇടവകയിലെ സ്ഥലം 1 സെന്റിന് 2 ലക്ഷം രൂപ എന്ന നിരക്കിൽ വീട് നഷ്ടപ്പെട്ട കടലോരമേഖലയിലെ സഭാവിശ്വാസികൾ വാങ്ങാമെന്ന് സഭയെ നിരവധി തവണ അറിയിച്ചിരുന്നു. എന്നാൽ, ഇടവക ആരും അറിയാതെ സെന്റിന് 1.30 ലക്ഷം രൂപയ്‌ക്ക് വസ്തു മുഴുവനായി വിൽക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത മിൻഡ്രസിന് സഭാ വിശ്വാസികളുടെ മുൻപാകെ മുട്ടിലിഴഞ്ഞ് മാപ്പ് പറയേണ്ട സാഹചര്യമാണ് ഉണ്ടായത്.
ക്രിസ്മസ് ദിനത്തിലെ രാത്രിയിലാണ് പള്ളിയിൽ മുട്ടിലിഴയേണ്ടി വന്നത്. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്നാണ് ഇടവക നേതൃത്വത്തിന്റെ നിലപാട്.















