തിരുവനന്തപുരം: തിരുവല്ലത്ത് ഷഹാന എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനൊരുങ്ങി പോലീസ്. സംഭവത്തിൽ ഭർതൃമാതാവ് അടക്കമുള്ള ബന്ധുകൾക്ക് എതിരെയും ആത്മഹത്യാപ്രേരണ കുറ്റം ചുമത്തുന്ന കാര്യം പോലീസ് പരിശോധിക്കും. പെൺകുട്ടിയുടെ മാതാപിതാക്കളുടെ ആരോപണത്തിന്മേൽ വിശദമായ അന്വേഷണം നടത്തിവരികയാണ് പോലീസ്.
ഭർതൃമാതാവിന്റെ മാനസിക പീഡനത്തെ തുടർന്നാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ആരോപണം. ഈ പശ്ചാത്തലത്തിൽ ഷഹാനയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തും. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഭർതൃമാതാവ് അടക്കമുള്ള ബന്ധുകൾക്ക് എതിരെ കൂടുതൽ വകുപ്പുകൾ ഉൾപ്പെടുത്താനും, മറ്റ് ചിലരുടെ കൂടി മൊഴി രേഖപ്പെടുത്താനും പോലീസ് തീരുമാനിക്കും.
കഴിഞ്ഞദിവസം യുവതിയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും ഫോർട്ട് പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. അന്വേഷണം ശരിയായ ദിശയിലല്ല പോകുന്നതെന്ന് ചൂണ്ടിക്കാട്ടിയും ഭർതൃവീട്ടുകാർക്കെതിരെ കർശന നടപടിയാവശ്യപ്പെട്ടുമാണ് ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണരുടെ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ചത്. പിന്നാലെ യുവതിയുടെ ആത്മഹത്യയിൽ വിശദമായ അന്വേഷണം നടത്തുമെന്നും പ്രതികൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നുമുള്ള ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ നൽകിയ ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.
ഡിസംബർ 26 ന് വൈകീട്ടാണ് ഷഹാന ജീവനൊടുക്കിയത്. ഭർതൃമാതാവിന്റെ നിരന്തര പീഡനങ്ങൾ കാരണം കഴിഞ്ഞ കുറച്ചു മാസങ്ങളായി യുവതി സ്വന്തം വീട്ടിലായിരുന്നു. എന്നാൽ ഭർതൃവീട്ടിൽ നടന്ന ചടങ്ങിൽ യുവതി പങ്കെടുക്കാതിരുന്നതോടെ ഒന്നര വയസുള്ള കുഞ്ഞിനെ ഭർത്താവ് ബലമായി എടുത്തുകൊണ്ടുപോയിരുന്നു. ഇതിന് പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്.















