ബെംഗളൂരു: വിവാഹ ശേഷവും പ്രണയബന്ധം തുടർന്ന പ്രായപൂർത്തിയാകാത്ത മകളെ അടിച്ചുകൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഒന്നാം വർഷ പ്രീ യൂണിവേഴ്സിറ്റി വിദ്യാർത്ഥി അർച്ചിതയാണ് കൊലപ്പെട്ടത്. 17 വയസായിരുന്നു. കഴിഞ്ഞ മേയിൽ നടന്ന അരുംകൊല പുറത്തെത്തിയത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. പെൺകുട്ടിയുടെ തിരോധാന കേസ് അന്വേഷിച്ച പോലീസ് സംഘമാണ് ദുരഭിമാന കൊല കണ്ടെത്തിയത്.
ബന്ധുവായ യുവാവുമായി മകൾക്കുണ്ടായിരുന്ന പ്രണയം എതിർത്തിരുന്ന പിതാവ് കുട്ടിയെ നിർബന്ധിപ്പിച്ച് മറ്റൊരു വിവാഹം നടത്തി. ഇഷ്ടമില്ലാതെ ഭർത്തൃ വീട്ടിൽ തുടർന്ന പെൺകുട്ടി പ്രണയ ബന്ധം ഫോണിലൂടെ സജീവമായി തുടരുകയായിരുന്നു. ഭർത്താവ് ഇക്കാര്യം പെൺകുട്ടിയുടെ പിതാവിനെ അറിയിച്ചു. തുടർന്ന് മകളെ പിതാവ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് ഫാം ഹൗസിലെത്തിച്ച് അടിച്ചുകൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കാൻ മൃതദേഹം കത്തിച്ചു. പിന്നാലെ മകളെ കാണാനില്ലെന്ന് കാട്ടി പരാതിയും നൽകി.
പോലീസ് അന്വേഷണത്തിനിടെ മകളുടെ തിരോധാനത്തിൽ പിതാവ് രവിക്ക് പങ്കുണ്ടെന്ന് വ്യക്തമാക്കുന്ന ഒരു അഞ്ജാത കത്ത് പോലീസിന് ലഭിച്ചു. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് രവി പിടിയിലാകുന്നത്. ഫാം ഹൗസിലെത്തിച്ച് തെളിവെടുത്തു. ഇതിനിടെ കുട്ടിയുടെ തലയോട്ടിയും അസ്ഥികളും പോലീസിന് ലഭിച്ചു. കൊലപാതകത്തിൽ മരുമകൻ മണിക്കും പങ്കുണ്ടെന്ന് കണ്ടെത്തി. തടി കഷ്ണം കൊണ്ട് തലയ്‌ക്കടിച്ചാണ് മകളെ രവി കൊലപ്പെടുത്തിയത്. പിന്നെ പുല്ലും തടിയുംകൊണ്ട് ചിതയൊരുക്കി മകളുടെ മൃതേദഹം കത്തിച്ചെന്നും കോലാർ എസ്.പി കോലാർ നാരായൺ പറഞ്ഞു.