ചെന്നൈ: തമിഴ് സിനിമാ ലോകത്തെ പ്രശസ്ത നടനും, രാഷ്‌ട്രീയ പ്രവർത്തകനുമായ വിജയകാന്തിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ അണ്ണാമലൈ. എക്സിലൂടെയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്.
ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗ വാർത്ത കേട്ടപ്പോൾ അഗാധമായ ദുഃഖമാണുണ്ടായത്. സിനിമാ മേഖലയെ കെട്ടിപ്പടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിൽ ഞാൻ അഭിമാനിക്കുന്നു. പാവപ്പെട്ടവരുടെ വിശപ്പകറ്റുന്നതിന് വേണ്ടിയാണ് അദ്ദേഹം എന്നും പ്രവർത്തിച്ചിരുന്നത്. ലോകമൊമ്പാടുമുള്ള തമിഴ് ജനത അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ട്. പൊതുജനങ്ങളുടെ ക്ഷേമം മാത്രമാണ് വിജയകാന്ത് എന്നും ലക്ഷ്യമിട്ടിരുന്നത്.
പറഞ്ഞ വാക്കിൽ തന്നെ എപ്പോഴും ഉറച്ച് നിൽക്കുന്ന വ്യക്തിത്വം. ക്യാപ്റ്റൻ വിജയകാന്തിന്റെ വിയോഗം തമിഴ്നാടിനും തമിഴ് ജനതയ്‌ക്കും തീരാനഷ്ടമാണ്. വിജയകാന്ത് നമ്മെ വിട്ട് പോയെങ്കിലും അദ്ദേഹത്തിന്റെ ഓർമ്മകൾ മായാതെ നിലനിൽക്കുക തന്നെ ചെയ്യും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും പൊതുജനങ്ങൾക്കും അനുശോചനം അറിയിക്കുന്നു. അദ്ദേഹത്തിന്റെ ആത്മാവ് സ്വർഗത്തിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും അണ്ണാമലൈ എക്സിൽ കുറിച്ചു.















