ന്യൂഡൽഹി: ഖത്തറിൽ തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ റദ്ദാക്കി. മലയാളി ഉൾപ്പടെ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷ സ്റ്റേ ചെയതതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഖത്തറിലെ അപ്പീൽ കോടതിയുടെതാണ് നിർണായക വിധി.
വിശദമായ ഉത്തരവിന്റെ പകർപ്പ് കാത്തിരിക്കുകയാണെന്നും തുടർ നടപടികൾ കൂടിയാലോചനയ്‌ക്ക് ശേഷമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അംബാസിഡർമാരുടെയും ഉദ്യോഗസ്ഥരും സാന്നിധ്യത്തിലാണ് വാദം നടന്നത്.
ഇന്ത്യൻ നാവികരുടെ മോചനത്തിന് ശക്തമായ നയതന്ത്ര ഇടപെടലാണ് വിദേശകാര്യ മന്ത്രാലയം നടത്തിയത്. ചാരവൃത്തി ആരോപിച്ചാണ് എട്ട് മുൻ ഇന്ത്യൻ നാവികരെ ഖത്തർ കോടതി വധശിക്ഷയ്‌ക്ക് വിധിച്ചത്. എട്ട് പേരെയും എത്രയും വേഗം നാട്ടിൽ എത്തിക്കാനുള്ള ശ്രമങ്ങളിലായിരുന്നു മന്ത്രാലയം. വധശിക്ഷ വിധിച്ചതിന് പിന്നാലെ ഇന്ത്യ അപ്പീൽ നൽകിയിരുന്നു.
2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് എട്ട് പേരെയും ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ചാരവൃത്തി നടത്തിയെന്നാരോപിച്ച് എട്ട് പേരെയും കസ്റ്റഡിയിലെടുക്കുന്നത്.
നാവിക സേനയിൽ നിന്ന് വിരമിച്ചതിന് ശേഷമാണ് ഇവർ ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജോലിക്കായി പ്രവേശിക്കുന്നത്. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് തടവിൽ കഴിയുന്നത്.















