തൃശൂർ: പൊതുസ്ഥലത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. ക്രിസ്തുമസ് ദിനത്തിലാണ് ലഹരി ഉപയോഗം ചോദ്യം ചെയ്തതിന് പുലക്കാട്ടുകര സ്വദേശി ബിനുവിനെ എട്ടംഗ സംഘം വീട് കയറി തല്ലിച്ചതച്ചത്. ഈ കേസിലെ പ്രതികളിലൊരാളെയാണ് പുതുക്കാട് പോലീസ് ഇന്ന് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവരെ ഉടൻ പിടികൂടാൻ സാധിക്കുമെന്നും പോലീസ് അറിയിച്ചു.
പെൺമക്കളുമൊന്നിച്ച് ക്രിസ്തുമസ് ദിനത്തിൽ ബിനു പുഴയിൽ കുളിക്കാൻ പോയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മണലിപ്പുഴയുടെ സമീപത്തിരുന്ന് യുവാക്കൾ ലഹരി ഉപയോഗിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ബിനു ഇവരെ ഇതിൽ നിന്നും വിലക്കി. ഇതോടെ യുവാക്കളും ബിനുവും തമ്മിൽ തർക്കമായി. ബിനു വീട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ ബൈക്കിലെത്തിയ സംഘം കുട്ടികളുടെ മാലപൊട്ടിക്കുകയും അയൽവാസി രമേശനെ ബിയർ കുപ്പി കൊണ്ട് അടിക്കുകയും ചെയ്തു. ഒച്ച കേട്ടെത്തിയ ബിനുവിനെ പിന്നീട് സംഘം ചേർന്ന് യുവാക്കൾ ആക്രമിക്കുകയായിരുന്നു.















