ന്യൂഡൽഹി: പിഎച്ച്ഡി പ്രോഗ്രാം പ്രവേശനവുമായി ബന്ധപ്പെട്ട് അപേക്ഷകൾ ക്ഷണിച്ച് ഇന്ധിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി. മൂന്ന് വർഷം മുതൽ ആറ് വർഷം വരെയാണ് കോഴ്‌സ് ദൈർഘ്യം. വനിതകൾ-ദിവ്യാംഗർ എന്നീ വിഭാഗങ്ങളിൽ ഉൾപ്പെടുന്നവർക്ക് എട്ട് വർഷം വരെ ദൈർഘ്യം ലഭിക്കും. ഫുൾടൈം, പാർട് ടൈം എന്നീ രീതികളിൽ ഗവേഷണത്തിന് അവസരമുണ്ട്. ഇരുവിഭാഗങ്ങളിലും ഉൾപ്പെടുന്നവർ പ്രവേശനം നേടി ആദ്യ ആറ് മാസം റഗുലർ ക്ലാസിൽ പങ്കെടുക്കണം.
പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, ഫൈൻ ആർട്‌സ്, കൊമേഴ്‌സ്, മാനേജ്‌മെൻറ്, എജുക്കേഷൻ, ഡിസ്റ്റൻസ് എജുക്കേഷൻ, വിമെൻസ് സ്റ്റഡീസ്, എൻവയൺമെൻറൽ സയൻസ്, ഡിവലപ്‌മെൻറ് സ്റ്റഡീസ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി സർവീസസ് മാനേജ്‌മെൻറ്, കംപ്യൂട്ടർ സയൻസ്, വൊക്കേഷണൽ എജുക്കേഷൻ, ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, സംസ്‌കൃതം, ചൈൽഡ് ഡിവലപ്‌മെൻറ്, ന്യൂട്രീഷണൽ സയൻസസ്, ഹോം സയൻസ്, റൂറൽ ഡിവലപ്‌മെൻറ്, ബയോകെമിസ്ട്രി, ലൈഫ് സയൻസസ്, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്, ജിയോളജി, ജ്യോഗ്രഫി, ട്രാൻസലേഷൻ സ്റ്റഡീസ്, സോഷ്യൽ വർക്ക് എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
ജോലി ചെയ്യുന്നവർക്ക് പാർടൈം കോഴ്‌സിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഇന്റർവ്യൂവിൽ അർഹത നേടുന്ന പക്ഷം ഹാജരാകുന്ന വേളയിൽ തൊഴിൽ ദാതാവിൽ നിന്നുള്ള എൻഒസി സമർപ്പിക്കണം. അപേക്ഷകരെ എ-ബി എന്നീ വിഭാഗങ്ങളിലായി തരംതിരിക്കും. യുജിസി-നെറ്റ്, യുജിസി- സിഎസ്‌ഐആർ-നെറ്റ്, ഗേറ്റ്, സീഡ് എന്നീ യോഗ്യതകളോ സമാനമായ ദേശീയതല ടെസ്റ്റുകൾ മുഖേനയോ ഫെലോഷിപ്പ് അല്ലെങ്കിൽ സ്‌കോളർഷിപ്പ് ഉള്ളവരാണ് എ വിഭാഗത്തിൽ ഉൾപ്പെടുന്നവർ. പിഎച്ച്ഡി, എൻട്രസ് ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കി ഇവയുടെ സ്‌കോറുകൾ യഥാക്രമം 70-30 ശതമാനം വെയ്‌റ്റേജ് നൽകി റാങ്ക് പട്ടിക തയാറാക്കും. ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവരാണ് ബിയിലുള്ളത്. ഡിസംബർ 31-നാണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. ജനുവരി ഏഴിന് നടത്തുന്ന എൻട്രസ് ടെസ്റ്റിൽ ഒരു വിഷയത്തിൽ മാത്രമാകും ഒരാൾക്ക് പങ്കെടുക്കാനാകുക.















