ലക്‌നൗ: ഇൻഡി മുന്നണിയിൽ ചേരാൻ നിബന്ധനകൾ മുന്നോട്ടുവച്ച് ബിഎസ്പി. പാർട്ടി ഇൻഡി മുന്നണിയുടെ ഭാഗമാകണമെങ്കിൽ മായവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണമെന്നാണ് മുന്നോട്ടുവച്ചിരിക്കുന്ന നിർദ്ദേശം. ബിഎസ്പി എംപി മാലൂക് നാഗറാണ് ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നിർദ്ദേശം മുന്നോട്ടുവച്ചത്.
കോൺഗ്രസ് ഞങ്ങളുടെ കുറച്ച് എംഎൽഎമാരെ അടർത്തിയെടുത്തു, അതിന് ആദ്യം അവർ മാപ്പുപറയണം. ശേഷം മായാവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കണം. ആ സ്ഥാനത്തിന് യോജിച്ച മറ്റൊരാൾ ഈ രാജ്യത്തുണ്ടെന്ന് തോന്നുന്നില്ല. ഇൻഡി മുന്നണിക്ക് വേണ്ടത് രാജ്യത്തെ ആദ്യ ദളിത് പ്രധാനമന്ത്രിയെ ആണെങ്കിൽ അതിനും അനുയോജ്യ ഞങ്ങളുടെ പാർട്ടി അദ്ധ്യക്ഷയാണ്. ഉത്തർപ്രദേശിൽ ഇപ്പോഴും ഞങ്ങൾക്ക് 13.5 ശതമാനം വോട്ട് വിഹിതമുണ്ട്. മായവതിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയാണെങ്കിൽ 60 സീറ്റുവരെ ഉത്തർപ്രദേശിൽ നിന്ന് സമാഹരിക്കാൻ സാധിക്കും. മാലൂക് നാഗർ അഭിപ്രായപ്പെട്ടു.
മായാവതിയോട് അഖിലേഷ് യാദവിന് വിരോധമുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹത്തിന് കോൺഗ്രസിനോടാണ് എതിർപ്പുള്ളത്. മദ്ധ്യപ്രദേശിൽ പോലും സമാജ് വാദി പാർട്ടിക്ക് സീറ്റുകൾ നൽകാൻ കോൺഗ്രസ് തയ്യാറായില്ല. മദ്ധ്യപ്രദേശിലെ കോൺഗ്രസിന്റെ പരാജയത്തിന് കാരണം യാദവ വിഭാഗത്തിന്റെ അതൃപ്തിയാണ്. വിട്ടുവീഴ്ചകൾ ചെയ്യേണ്ടത് കോൺഗ്രസാണ്. മാലൂക് നാഗർ പറഞ്ഞു.















