ആലപ്പുഴ: ബോളിവുഡിലെ ആദ്യകാല നടനായിരുന്ന സാജിദ് ഖാന്(71) കായംകുളത്ത് അന്ത്യവിശ്രമം. ഹിന്ദി സിനിമ- സീരിയൽ താരമായ സാജിദ് ഖാൻ 22 നാണ് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞത്. കുറച്ച് വർഷങ്ങളായി മുതുകുളത്തെ ഭാര്യവീട്ടിലായിരുന്നു സാജിദ് ഖാൻ താമസിച്ചിരുന്നത്. ക്യാൻസർ ബാധിതനായിരുന്നു അദ്ദേഹം. മൃതദേഹം കായംകുളം ജുമാമസ്ജിദിൽ കബറടക്കി.
1957 ൽ ‘മദർ ഇന്ത്യ’ എന്ന ചിത്രത്തിലൂടെയായിരുന്നു സജിദ് ഖാന്റെ ബോളിവുഡ് അരങ്ങേറ്റം. സുനിൽ ദത്തിന്റെ ബാല്യകാലമാണ് അദ്ദേഹം ചിത്രത്തിൽ അവതരിപ്പിച്ചത്. നായകനായി ശ്രദ്ധിക്കപ്പെട്ടത് മെഹബൂബ് ഖാന്റെ ‘സൺ ഓഫ് ഇന്ത്യ’ എന്ന ചിത്രത്തിലൂടെയായിരുന്നു. ബോളിവുഡിൽ അദ്ദേഹത്തിന് സൂപ്പർ ഹീറോ പരിവേഷം നൽകിയത് മായ എന്ന ചിത്രത്തിലെ പ്രകടനമായിരുന്നു. ഇതിനിടയിൽ തട്ടകം യുഎസിലേക്ക് മാറ്റിയ നടൻ ഇംഗ്ലീഷ് വൈബ് സീരീസുകളുടെ ഭാഗമായും പ്രവർത്തിച്ചു. ചില അമേരിക്കൻ ടിവി ഷോകളിൽ അതിഥിയായും വിധികർത്താവായും അദ്ദേഹം തിളങ്ങിയിരുന്നു. ഫിലിപ്പീനിയൻ ചിത്രങ്ങളിലും സാജിദ് ഖാൻ അഭിനയിച്ചിട്ടുണ്ട്.
ആലപ്പുഴ മുതുകുളം സ്വദേശിനി സഞ്ജുഷയാണ് സാജിദ് ഖാന്റെ ഭാര്യ. ചികിത്സയ്‌ക്കെത്തിയപ്പോൾ പരിചയപ്പെട്ട സഞ്ജുഷയെ 2007 ലാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. സാജിദ് ഖാന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. 2012 ൽ അമേരിക്കൻ ജീവിതം അവസാനിപ്പിച്ച ശേഷം മുംബൈയിലും മുതുകുളത്തുമായാണ് അദ്ദേഹം താമസിച്ചത്.
രണ്ടാഴ്ച മുൻപാണ് സാജിദ് ഖാനെ പരുമലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണപ്പെടുന്ന സ്ഥലത്ത് തന്നെ അടക്കം ചെയ്യണമെന്നായിരുന്നു സാജിദ് ഖാന്റെ ആഗ്രഹം.