ബെംഗളൂരു: ദളിത് സ്‌കൂൾ വിദ്യാർത്ഥികളെക്കൊണ്ട് സെപ്റ്റിക്ക് ടാങ്ക് കോരിക്കുന്നതും കക്കൂസ് കഴുകിക്കുന്നതും പോലെയുളള സംഭവങ്ങൾ കർണ്ണാടകയിൽ തുടർക്കഥയാകുന്നു.
വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സ്വന്തം ജില്ലയായ ഷിമോഗയിലാണ് ഏറ്റവും പുതിയ സംഭവം. ഷിമോഗ ജില്ലയിലെ ഭദ്രാവതി താലൂക്കിലെ ഒരു സർക്കാർ സ്‌കൂളിൽ ശനിയാഴ്ച ആറാം ക്ലാസ് വിദ്യാർത്ഥികൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന വീഡിയോ പുറത്തു വരികയായിരുന്നു.
കൊമരനഹള്ളി ഗ്രാമപ്പഞ്ചായത്തിന് കീഴിലുള്ള ഗുഡ്ഡയിലെ സ്‌കൂളിൽ പഠിക്കുന്ന വിദ്യാർഥികളാണ് കക്കൂസ് വൃത്തിയാക്കുന്ന ജോലിയിൽ ഏർപ്പെട്ടിരുന്നതെന്ന് പറയുന്നു. സ്‌കൂൾ ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന വിദ്യാർത്ഥികളുടെ വിവിധ വീഡിയോകൾ വ്യാഴാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പ്രധാനാധ്യാപകൻ ശങ്കരപ്പയും മറ്റ് അധ്യാപകരും ചേർന്ന് സ്‌കൂൾ കുട്ടികളെ ശുചിമുറി വൃത്തിയാക്കുന്ന ജോലി ചെയ്യാൻ നിർബന്ധിച്ചതായി ദളിത് സംഘർഷ സമിതി പരാതി നൽകി. കുറ്റാരോപിതനായ അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് രക്ഷിതാക്കളും പ്രവർത്തകരും ആവശ്യപ്പെട്ടതിനെത്തുടർന്ന് വിദ്യാഭ്യാസ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സ്‌കൂളിൽ എത്തി പ്രഥമാധ്യാപകനെ ചോദ്യം ചെയ്തു. തുടർന്ന് ബിഇഒ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സ്‌കൂൾ പ്രിൻസിപ്പലിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു. പ്രധാനാധ്യാപകൻ ശങ്കരപ്പയെ സസ്‌പെൻഡ് ചെയ്തതായി വിദ്യാഭ്യസവകുപ്പ് അറിയിച്ചു.

ഈ മാസം സംസ്ഥാനത്ത് ഇത് മൂന്നാമത്തെ സംഭവമാണ്.
ഈ മാസം ആദ്യം കോലാർ ജില്ലയിലെ ഒരു റസിഡൻഷ്യൽ സ്‌കൂൾ വളപ്പിലെ ടോയ്‌ലറ്റ് വൃത്തിയാക്കാൻ ചില വിദ്യാർത്ഥികളെ ഉപയോഗിച്ചെന്നാരോപിച്ച് ഒരു പ്രിൻസിപ്പലിനെയും രണ്ട് ജീവനക്കാരെയും സസ്‌പെൻഡ് ചെയ്തിരുന്നു. മാലൂർ താലൂക്കിലെ യലുവഹള്ളിയിലെ മൊറാർജി ദേശായി റസിഡൻഷ്യൽ സ്‌കൂളിൽ പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് നിർബന്ധിച്ച് സെപ്റ്റിക് ടാങ്കിലിറക്കി അത് വൃത്തിയാക്കിച്ചത്. സ്‌കൂളിലെ ഏഴ് മുതൽ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെകൊണ്ട് ഡിസംബർ ഒന്നിന് സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കിക്കുകയായിരുന്നു. സ്‌കൂൾ പ്രിൻസിപ്പൽ ഭരതമ്മ, അധ്യാപകൻ മുനിയപ്പ, ഹോസ്റ്റൽ വാർഡൻ മഞ്ജുനാഥ്, ഗസ്റ്റ് അധ്യാപകൻ അഭിഷേക് എന്നിവരെസസ്‌പെൻഡ് ചെയ്തു. ഭരതമ്മയും മുനിയപ്പയും അന്ന് തന്നെ അറസ്റ്റിലായി. സെപ്‌റ്റിക് ടാങ്ക് വൃത്തിയാക്കാൻ കുട്ടികളെ ഉപയോഗിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് ആർ.അശോക് ആവശ്യപ്പെട്ടു.

തുടർന്ന് ആന്ധ്രഹള്ളി സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾ ആസിഡ് കുപ്പികൾ പിടിച്ച് ചൂലുകൊണ്ട് ടോയ്‌ലറ്റുകൾ വൃത്തിയാക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിനു പിന്നാലെ പ്രിൻസിപ്പൽ ലക്ഷ്മിദേവമ്മയെ ശനിയാഴ്ച ബ്യാദരഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. 640 ഓളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട് . ഇവരിൽ ഭൂരിഭാഗവും എസ്‌സി-എസ്ടി വിഭാഗത്തിൽപ്പെട്ടവരാണ്. സംഭവം അറിഞ്ഞയുടൻ ആന്ധ്രാഹള്ളി സർക്കാർ സ്‌കൂൾ സന്ദർശിച്ച പ്രതിപക്ഷ നേതാവ് ആർ അശോക് സർക്കാരിന് നാണക്കേടുണ്ടാക്കാതിരിക്കാൻ കേസ് ഒതുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു.
കർശന നടപടിയുണ്ടാകുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വാക്കുകൾ ജലരേഖയാകുന്ന കാഴ്ചയാണ് സംസ്ഥാനത്തു നിന്ന് വരുന്നത്. ദളിത് വിദ്യാർത്ഥികൾക്കതിരെ ആവർത്തിച്ച് ഉണ്ടാകുന്ന ഈ അവഹേളനം കോൺഗ്രസ് സർക്കാരിന് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
ബിജെപി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സംഭവത്തെ അപലപിക്കുകയും വസ്തുതകൾ പഠിക്കാൻ സംസ്ഥാനതലത്തിൽ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.















