ബാലതാരമായി മലയാള സിനിമയിൽ എത്തിയ നടിയാണ് നിഖില വിമൽ. ശേഷം മലയാളം- തമിഴ് സിനിമകളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് ആരാധകരുടെ പ്രിയതാരമായി മാറി. സിനിമയിൽ മാത്രമല്ല ജീവിതത്തിലും തന്റെ നിലപാടുകളിൽ ഉറച്ച് നിൽക്കുന്ന ആളാണ് നിഖില. പല വേദിയിലും തന്റെ നിലപാട് വ്യക്തമാക്കി താരം കൈയ്യടി നേടുകയും ചെയ്തിട്ടുണ്ട്.

തന്റെ വിവാഹ സങ്കൽപ്പത്തെ പറ്റി നിഖില പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേ നേടുന്നത്. നിഖിലയും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പേരില്ലൂർ പ്രീമിയർ ലീഗ്’ എന്ന വെബ് സീരിസ് ജനുവരി അഞ്ചിന് റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നടത്തിയ ഒരു അഭിമുഖത്തിലാണ് നിഖില തന്റെ നിലപാട് വ്യക്തമാക്കിയത്. സ്ത്രീധനം വാങ്ങുന്ന ഒരാളെ താൻ കല്യാണം കഴിക്കില്ലെന്നായരുന്നു നിഖിലയുടെ വാക്കുകൾ.

‘നിങ്ങളുടെ ജീവിത്തിൽ എന്താണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ തന്നെയാണ്. ഒരു ജീവിത പങ്കാളിയെയാണ് വേണ്ടതെങ്കിൽ വിവാഹം കഴിക്കുക. അങ്ങനെ ഒരാളില്ലാതെയും സന്തോഷകരമായി ജീവിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ടെങ്കിൽ ഇഷ്ടാനുസരണം ജീവിക്കാവുന്നതാണ്. അതല്ലാതെ എനിക്ക് ഇത്രയും സ്ത്രീധനം കിട്ടിയാൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറയുന്നതൊന്നും ശരിയായ നിലപാടല്ല.

സ്ത്രീധനം കുറഞ്ഞതിന്റെ പേരിൽ നമ്മുടെ നാട്ടിൽ ഒരുപാട് പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് ഓരോ വ്യക്തിയും സ്വയം തീരുമാനിക്കണം. എനിക്ക് സ്ത്രീധനം ആവശ്യമില്ല, സ്ത്രീധനം കിട്ടിയതുകൊണ്ട് എന്റെ ജീവിതം മുന്നോട്ട് പോകില്ലെന്ന്. സ്ത്രീധനം വാങ്ങുന്ന ഒരാളെ കല്യാണം കഴിക്കില്ലെന്ന് പെൺകുട്ടികൾ തീരുമാനമെടുക്കണം. സ്ത്രീധനം കിട്ടാത്തതിന്റെ പേരിൽ ഒരാൾ പോയാൽ വിവാഹമേ നടക്കില്ല എന്നൊന്നുമില്ല’. നിഖില പറഞ്ഞു.















