ഭക്ഷണ പ്രിയരായിട്ടുള്ള നിരവധി ആളുകളെ നമുക്ക് അറിയാം. വ്യത്യസ്തമായ രുചി ഭേദങ്ങൾ തേടി കിലോമീറ്ററുകളോളം യാത്ര ചെയ്യുന്നവരും ഉണ്ട്. എന്നാൽ, വളരെ ചുരുക്കം ചിലർ മാത്രമേ ഇത്രയധികം ഇഷ്‌ടപ്പെടുന്ന ഭക്ഷണത്തെ ഉപജീവനത്തിനായി തെരഞ്ഞെടുക്കാറുള്ളൂ. ആഹാരവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളുണ്ട്. ഭക്ഷണം കഴിക്കാനും തയ്യാറാക്കാനും ഏറെ ഇഷ്ടപ്പെടുന്നവർക്കുള്ള ചില ജോലികൾ പരിചയപ്പെടാം.
റസ്റ്റേറന്റ് മാനേജർ
റസ്റ്റോറന്റും ആ ചുറ്റുപാടും ഇഷ്ടപ്പെടുന്ന വ്യക്തിയാണെങ്കിൽ വളരെ നന്നായിട്ട് ചെയ്യാൻ കഴിയുന്ന ജോലിയാണ് റെസ്റ്റോറന്റ് മാനേജർ. പുതിയ ജീവനക്കാരെ നിയമിക്കൽ, റസ്റ്റോറന്റിൽ ആവശ്യത്തിന് ജീവനക്കാരുണ്ടെന്ന് ഉറപ്പ് വരുത്തൽ തുടങ്ങിയ കാര്യങ്ങളാണ് മാനേജർ പ്രധാനമായും ശ്രദ്ധിക്കേണ്ടത്. ജീവനക്കാർ തമ്മിൽ പ്രശ്നങ്ങളുണ്ടെങ്കിലും മാനേജരാണ് പരിഹരിക്കേണ്ടത്.
സ്റ്റൈലിസ്റ്റ്
ഭക്ഷണം കഴിക്കാൻ കൂടുതൽ ഇഷ്ടം തോന്നണമെങ്കിൽ നല്ല ആകർഷണമായ രീതിയിൽ പാത്രത്തിലെത്തണം. ഇവിടെയാണ് ഫുഡ് സ്റ്റൈലിസ്റ്റിന്റെ ആവശ്യം. വീഡിയോ ദൃശ്യങ്ങൾ പകർത്തുന്നതിനും ഫുഡ് സ്റ്റൈലിസ്റ്റിനെ ആവശ്യമാണ്. ക്രിയേറ്റിവായി ചിന്തിക്കുന്നവർക്കാണ് ഫുഡ് സ്റ്റൈലിസ്റ്റ് ആകാൻ കൂടുതൽ അവസരം ലഭിക്കുന്നത്.
ഹെൽത്ത് കോച്ച്
ആരോഗ്യകരമായ ജീവിതശൈലിക്ക് ആഹാരം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനായി ഹെൽത്ത് കോച്ചിന്റെ സഹായവും വേണം. പോഷകാഹാരത്തിന്റെ കുറവ്, ഉറക്കം, പ്രമേഹം തുടങ്ങിയ അസുഖങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്നതിന് ഹെൽത്ത് കോച്ച് ഏറെ സഹായിക്കും. അതിനാൽ, ഈ ജോലി ഇഷ്ടപ്പെടുന്നവർക്ക് ഇത് തിരഞ്ഞെടുക്കാം.
ഫുഡ് ഫോട്ടോഗ്രാഫർ
ആഹാരവുമായി ബന്ധപ്പെട്ട പാചക പുസ്തകങ്ങൾ, ബ്ലോഗിംഗ്, പരസ്യങ്ങൾ ഇങ്ങനെ നിരവധി മേഖലകളിൽ ഫോട്ടോഗ്രാഫറിനെ ആവശ്യമാണ്. കാഴ്ചക്കാരന് ആഹാരത്തിനോട് താല്പര്യം ഉണ്ടാകുന്ന തരത്തിൽ ചിത്രങ്ങൾ എടുക്കുക എന്നതാണ് ഫോട്ടോഗ്രാഫറിന്റെ ജോലി. വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും ക്രിയാത്മകമായി ചെയ്യേണ്ട ജോലിയാണിത്.















