ലക്‌നൗ: അമേഠിയിൽ രാഹുൽ ഗാന്ധിയെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര വനിതാ ശിശു ക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. 15 വർഷം ലോക്‌സഭയിൽ അമേഠിയെ പ്രതിനിധീകരിച്ചിട്ടും മണ്ഡലത്തിന്റെ വികസനത്തിനായി രാഹുൽ ഒന്നും ചെയ്തില്ലെന്ന് സ്മൃതി ഇറാനി പറഞ്ഞു. മുൻഷിഗഞ്ചിൽ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.
അമേഠിയിലെ ജനങ്ങളെ ഞാൻ സേവിച്ച് തുടങ്ങിയിട്ട് നാലര വർഷമേ ആയിട്ടുള്ളൂ. എന്നാൽ 15 വർഷം ലോക്‌സഭയിൽ അമേഠിയിലെ ജനങ്ങളെ പ്രതിനിധീകരിച്ചിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങൾ എന്താണെന്ന് രാഹുൽ ചോദിച്ചിട്ടില്ല. അവരുടെ പ്രശ്‌നങ്ങളിൽ പരിഹാരം കാണാനും ശ്രമിച്ചില്ല. മണ്ഡലത്തിന്റെ വികസനത്തെക്കുറിച്ച് രാഹുൽ ചിന്തിച്ചിട്ടുമില്ല. ആകെ ചെയ്തത് മുൻഷിഗഞ്ചിൽ ഗസ്റ്റ് ഹൗസ് നിർമ്മിക്കുക മാത്രമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മേഖലയിലെ അഴുക്കുചാൽ പ്രശ്‌നത്തിന് അതിവേഗം പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.
രാഹുൽ ഭരിച്ചിരുന്നപ്പോൾ മണ്ഡലത്തിന്റെ വികസനം കടലാസിൽ മാത്രമായി ഒതുങ്ങുകയാണുണ്ടായത്. ശരിയായ രീതിയിൽ ഒരു അഴുക്കുചാൽ പോലും അമേഠിയിൽ നിർമ്മിക്കാൻ രാഹുലിന് കഴിഞ്ഞിട്ടില്ല. ബിജെപി സർക്കാരിന്റെ കീഴിൽ അമേഠി വികസനത്തിന്റെ പാതയിൽ മുന്നേറുകയാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.