ലക്നൗ: അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നാളെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കുന്നത്. ഇതിഹാസ കവി വാത്മീകിയുടെ പേരിൽ അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളം അറിയപ്പെടുമെന്ന് പ്രഖ്യാപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് എയർപോർട്ടിന്റെ അതിമനോഹരമായ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി. ഫേസ്ബുക്ക് പേജിലൂടെയാണ് മഹാഋഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളത്തെ അദ്ദേഹം പരിചയപ്പെടുത്തിയത്.
ഭാരതത്തിന്റെ സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന ചുമർച്ചിത്രങ്ങളും ആധുനിക സൗകര്യങ്ങളും അടങ്ങിയതാണ് വിമാനത്താവളം. അയോദ്ധ്യ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം രാജ്യത്തിനായി സമർപ്പിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യയിലെ പ്രധാനപ്പെട്ട മൂന്ന് നഗരങ്ങളിൽ നിന്ന് അയോദ്ധ്യ എയർപോർട്ടിലേക്ക് സർവ്വീസ് നടത്തുമെന്ന കാര്യം എയർ ഇന്ത്യ എക്സ്പ്രസും പ്രഖ്യാപിച്ചിരുന്നു. ഡൽഹി, കൊൽക്കത്ത, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നും അയോദ്ധ്യയിലേക്ക് സർവ്വീസുകളുണ്ടാകും.