ചെന്നൈ: വിജയകാന്തിന് കണ്ണീരോടെ വിട ചൊല്ലി തമിഴകം. ആയിരങ്ങളുടെ സാന്നിധ്യത്തിൽ അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ നടന്നു. വൈകിട്ട് 4.30-ന് കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്താണ് സംസ്കാര ചടങ്ങുകൾ നടന്നത്. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു തമിഴകം വിട ചൊല്ലിയത്. സിനിമാ-രാഷ്‌ട്രീയ മേഖലകളിൽ നിന്നും നിരവധി പേരാണ് തങ്ങളുടെ ക്യാപറ്റന് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.
വിജയകാന്തിന്റെ സഹപ്രവർത്തകരും അനുയായികളും സുഹൃത്തുക്കളും സങ്കടം അടക്കാനാവാതെ പൊട്ടിക്കരഞ്ഞു. ഒരു കാലത്ത് തമിഴകത്തെ ആവേശം കൊള്ളിച്ച വിജയകാന്തിന്റെ വിയോഗം സിനിമാ മേഖലയിൽ തന്നെ നികത്താനാകാത്ത നഷ്ടമായി മാറിയിരിക്കുകയാണ്.
കൊറോണ ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെയായിരുന്നു വിജയകാന്ത് ലോകത്തോട് വിട പറഞ്ഞത്. നടൻ, രാഷ്‌ട്രീയക്കാരൻ എന്നതിലുപരി പരോപകാരിയായ മനുഷ്യസ്നേഹി കൂടിയായിരുന്നു അദ്ദേഹം.
1980 കളിലാണ് ആക്ഷന്‍ ഹീറോ പരിവേഷത്തിലേക്ക് വിജയകാന്ത് കടന്നുവന്നത്. വിജയകാന്തിന്റെ നൂറാം ചിത്രമായ ക്യാപ്റ്റൻ പ്രഭാകർ ഇന്നും തമിഴിലെ ക്ലാസിക് ചിത്രമായി അറിയപ്പെടുന്നു.















