ലക്‌നൗ: പുണ്യനഗരി അയോദ്ധ്യയിൽ നിർമ്മിച്ച പുതിയ അന്താരാഷ്‌ട്ര വിമാനത്താവളവും നവീകരിച്ച റെയിൽവേ സ്റ്റേഷനുംപ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കും. 15,700 കോടിരൂപയുടെ സംസ്ഥാനത്തെ വിവിധ വികസന പദ്ധതികളുടെ തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവും വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങും ആഘോഷമാക്കി മാറ്റാനാണ് ഉത്തർപ്രദേശ് സർക്കാർ തയ്യാറെടുത്തിരിക്കുന്നത്.
ഇന്ന് രാവിലെ 10 മണിയോടെ അയോദ്ധ്യയിലെത്തുന്ന പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നവീകരിച്ച അയോദ്ധ്യ ധാം റെയിൽവേ സ്‌റ്റേഷനിലെത്തും. എയർപോർട്ട് മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള അദ്ദേഹത്തിന്റെ യാത്ര റോഡ് ഷോയായാണ് സജീകരിച്ചിരിക്കുന്നത്. 11.15 ഓടെ നവീകരിച്ച റെയിൽവേ സ്‌റ്റേഷൻ അദ്ദേഹം രാജ്യത്തിന് സമർപ്പിക്കും. പുതിയ ആറ് വന്ദേഭാരത് ട്രെയിനുകളും രണ്ട് അമൃത് ഭാരത് ട്രെയിനുകളും അദ്ദേഹം ഫ്‌ളാഗോഫ് ചെയ്യും.
തിരികെ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 12.15 ഓടെ മഹർഷി വാത്മീകി അന്താരാഷ്‌ട്ര വിമാനത്താവളം രാജ്യത്തിന് സമർപ്പിക്കും. ശേഷം പൊതുപരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം 15,700 കോടിരൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിടും. ലോകത്തെ അയോദ്ധ്യയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1450 കോടിരൂപ ചെലവഴിച്ചാണ് അയോദ്ധ്യയിലെ അന്താരാഷ്‌ട്ര വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. 6500 സ്‌ക്വയർ മീറ്റർ വിസ്തൃതിയിൽ നിർമ്മിച്ചിരിക്കുന്ന വിമാനത്താവളം പ്രതിവർഷം 10 ലക്ഷത്തോളം യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ളതാണ്.
പ്രധാനമന്ത്രിയടെ സന്ദർശനം വൻ ആഘോഷമാക്കി തീർക്കാനാണ് സംസ്ഥാന സർക്കാർ പദ്ധതിയിട്ടിരിക്കുന്നത്. ഇതിനോടകം തന്നെ അയോദ്ധ്യ നഗരത്തെ പൂക്കൾകൊണ്ട് അലങ്കരിച്ചുകഴിഞ്ഞു. എയർപോർട്ട് മുതൽ റെയിൽവേ സ്‌റ്റേഷൻ വരെയുള്ള പാതയിൽ 1400 കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും. 40 സ്റ്റേജുകളാണ് ഇതിനായി ഒരുക്കിയിട്ടുള്ളത്. കൂടാതെ വിവിധ ഉദ്ഘാടന സദസുകളിലും 100 ഓളം കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും. മധുരയിലെ പ്രശസ്തമായ മയൂർ നൃത്തമടക്കം കലാകാരന്മാർ വേദികളിൽ അവതരിപ്പിക്കും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരിട്ടാണ് അയോദ്ധ്യയിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നത്.