ആലപ്പുഴ: മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരതീയ വിചാരകേന്ദ്രത്തിന്റെ 41-ാമത് സംസ്ഥാന സമ്മേളനം ഇന്നലെ ആലപ്പുഴയിൽ ആരംഭിച്ചു. പ്രതിനിധി സമ്മേളനം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ഉദ്ഘാടനം ചെയ്തു. ഇന്ന് രാവിലെ 10 മണിക്ക് ആലപ്പുഴ ഉഡുപ്പി ശ്രീകൃഷ്ണ ഹാളിൽ നടക്കുന്ന ഉദ്ഘാടനസഭ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്യും. വിചാരകേന്ദ്രം ഡയറക്ടർ ആർ.സഞ്ജയൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രജ്ഞാപ്രവാഹ് ദേശീയ കൺവീനർ ജെ.നന്ദകുമാർ സംസാരിക്കും.
ഉദ്ഘാടന സഭയ്‌ക്ക് ശേഷമുള്ള കാലാംശത്തിൽ മൂന്ന് സെമിനാറുകളാണ് നടക്കുക. ഉച്ചക്ക് 12 മണിക്ക് ‘അയോദ്ധ്യ-രാമജന്മഭൂമി ശ്രീരാമക്ഷേത്ര നിർമ്മാണം; ദേശീയ പുനർ നിർമ്മാണത്തിന്റെ സാംസ്‌കാരിക അധിഷ്ഠാനം’ എന്ന വിഷയത്തിൽ സെമിനാർ നടക്കും. പ്രജ്ഞാപ്രവാഹ് ദേശീയ കൺവീനർ ജെ.നന്ദകുമാർ, മുൻ ഡിജിപി ഡോ. ജേക്കബ് തോമസ് എന്നിവർ വിഷയം അവതരിപ്പിക്കും. ഉച്ചയ്‌ക്ക് ശേഷം 2.30 നുള്ള കാലാംശത്തിൽ ‘ആത്മനിർഭർ ഭാരതം; വികസിത ഭാരതം@ 2024’ എന്ന വിഷയം ആസ്പദമാക്കി സെമിനാർ നടക്കും. കാലടി സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ.കെ.എസ്. രാധാകൃഷ്ണൻ, ജി.അമൃതരാജ് എന്നിവർ ചേർന്ന് വിഷയാവതരണം നടത്തും.
4.30 നടക്കുന്ന സെമിനാറിൽ ഗ്രന്ഥകാരൻ ഡോ.നടുവട്ടം ഗോപകുമാർ ‘സനാതന ധർമ്മവും തമിഴ് സാഹിത്യവും’ എന്ന വിഷയത്തിൽ വിഷയാവതരണം നടത്തും. ‘ദേശീയ വിദ്യാഭ്യാസ നയം പുതിയ അനുഭവങ്ങൾ, പ്രതീക്ഷകൾ’ എന്ന വിഷയത്തെ അടിസ്ഥാനമാക്കി വൈകുന്നേരം 6.30 ന് നടക്കുന്ന സെമിനാറിൽ കേരള കേന്ദ്ര സർവകലാശാല ഡീൻ ഡോ. അമൃത് ജി കുമർ, ഒറ്റപ്പാലം എൻഎസ്എസ് ബി.എഡ്. കോളേജ് അസി. പ്രൊഫസർ ഡോ. ശങ്കരനാരായണൻ എന്നിവർ വിഷയാവതരണം നടത്തും.
സമ്മേളനത്തിന്റെ അവസാന ദിവസമായ നാളെ മൂന്ന് വിഷയങ്ങളിലായി സെമിനാർ നടക്കും. തുടർന്ന് സമാപന സമ്മേളനത്തോടെ 41-ാം സംസ്ഥാന സമ്മേളനത്തിന് പരിസമാപ്തിയാകും.















