തിരുവനന്തപുരം: കുപ്രസിദ്ധമായ കൂടത്തായി കൊലപാതക പരമ്പരയെ കുറിച്ചുള്ള ഡോക്യുമെന്ററി കറി ആൻഡ് സയനൈഡ് ഓ ടി ടി പ്ലേറ്റ് ഫോമിൽ പ്രദർശനം തുടരുമ്പോൾ അത് നിയമരംഗത്ത് അപകടകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പുമായി ഫോറൻസിക് വിദഗ്ധർ.
‘കറി ആൻഡ് സയനൈഡ് – ജോളി ജോസഫ് കേസ്’ ഒരു സിനിമാറ്റിക് അഡാപ്റ്റേഷൻ അല്ലെന്നും പ്രധാന സാക്ഷികളെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി ഒന്നര മണിക്കൂർ ദൈർഘ്യമുള്ള സിനിമ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചു എന്നും ആരോപിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് മെഡിസിൻ വിഭാഗം അഡീഷണൽ പ്രൊഫസർ ഡോ.കൃഷ്ണൻ ബാലേന്ദ്രൻ രംഗത്തെത്തി.
2019ൽ ജോളി ജോസഫ് എന്ന സ്ത്രീയുടെ അറസ്റ്റിനെ തുടർന്നാണ് പോലീസിന്റെ ഉറക്കം കെടുത്തിയ കോഴിക്കോട്ടെ കൂടത്തായി സയനൈഡ് കൊലപാതകങ്ങൾ എന്ന കേസ് പൊങ്ങിവന്നത്. 14 വർഷത്തിനിടെ രണ്ട് വയസുള്ള പെൺകുഞ്ഞടക്കം ആറ് ബന്ധുക്കളെ അവർ കൊലപ്പെടുത്തി എന്നതാണ് കേസ്.
കോഴിക്കോട് പ്രത്യേക അഡീഷണൽ സെഷൻസ് കോടതിയിൽ (മാറാട്) വിചാരണ നടക്കുമ്പോൾ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുന്നത് തനിക്ക് വിചിത്രമായി തോന്നിയെന്ന് ഡോ കൃഷ്ണൻ ആദ്യം സോഷ്യൽ മീഡിയയിൽ പറഞ്ഞു. ജോളിയുടെ ഭാര്യാസഹോദരി രഞ്ജി തോമസ് ഉൾപ്പെടെ, കോടതിയിൽ വിസ്തരിക്കേണ്ട എല്ലാ സാക്ഷികളും ഡോക്യുമെന്ററിയിൽ ഉണ്ടെന്നതാണ് എന്റെ പ്രാഥമിക ആശങ്ക,” അദ്ദേഹം പറഞ്ഞു.
അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ നിന്നും
ഒരു പ്രമുഖ ദേശീയ മാദ്ധ്യമത്തോട് നടത്തിയ പ്രതികരണത്തിൽ ഇക്കാര്യങ്ങൾ അദ്ദേഹം ഊന്നിപ്പറഞ്ഞിട്ടുമുണ്ട്. കൂടത്തായി കേസിലെ സിനിമ/ഡോക്യുമെന്ററിയിൽ ആ കേസിൽ വിചിരണ നടത്തുന്ന ജഡ്ജിയേ കൂടി കാണിക്കാമായിരുന്നു. ജഡ്ജിയേ ഒഴിവാക്കിയതിൽ എനിക്കുള്ള പ്രതിഷേധം സ്ട്രോങ്ങായി ഇവിടെ രേഖപ്പെടുത്തുന്നു എന്നും അദ്ദേഹം പരിഹസിക്കുന്നുണ്ട്.
ഒരു പ്രമുഖ OTT പ്ലാറ്റ്‌ഫോമിൽ കഴിഞ്ഞ വെള്ളിയാഴ്ച പ്രീമിയർ ചെയ്ത ‘കറി ആൻഡ് സയനൈഡ് – ജോളി ജോസഫ് കേസ് ” എന്ന ഡോക്യൂമെന്ററിയുടെ സംവിധാനം ചെയ്തത് രണ്ട് തവണ ദേശീയ അവാർഡ് നേടിയ എഴുത്തുകാരനും സംവിധായകനുമായ ക്രിസ്റ്റോ ടോമിയാണ്.
“അന്വേഷണ ഉദ്യോഗസ്ഥരും, കേസ് അന്വേഷിച്ച പോലീസ് ഓഫീസർ കെ ജി സൈമണും, കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി മേധാവി ഡോ വി വി പിള്ളയും ഡോക്യുമെന്ററിയിൽ പ്രത്യക്ഷപ്പെടുന്നു. കോടതിക്ക് മുന്നിൽ ഇനിയും സാക്ഷിപറഞ്ഞു തീരാത്ത അന്വേഷണ ഉദ്യോഗസ്ഥർ കേസിനെക്കുറിച്ച് ഡോക്യുമെന്ററിയിൽ സംസാരിക്കുന്നത് ഇതാദ്യമായാണ്, ”ഡോ കൃഷ്ണൻ പറഞ്ഞു. ജോളിയുടെ ഭർത്താവ് റോയ് തോമസിന്റെ മരണം സയനൈഡ് വിഷബാധയേറ്റാണെന്ന് മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ബാക്കിയുള്ള കേസുകളിൽ, സയനൈഡ് വിഷബാധയുണ്ടെന്ന് കണ്ടെത്താനാകാത്തതിനാൽ മരണത്തിന് സാക്ഷ്യപ്പെടുത്തിയ കാരണങ്ങളൊന്നുമില്ല,” ഒരു ദേശീയ മാധ്യമത്തോടുള്ള പ്രതികരണത്തിൽ ഡോ കൃഷ്ണൻ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഫൊറൻസിക് മെഡിസിൻ പ്രൊഫസറും മേധാവിയുമായ ഡോ. ലിസ ജോണും ദേശീയ മാധ്യമത്തോടുള്ള പ്രതികരണത്തിൽ ഇതേ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. ഫോറൻസിക് അന്വേഷണം ഏറ്റെടുത്ത കോഴിക്കോട് എംസിഎച്ചിലെ ഫോറൻസിക് വിദഗ്ധർ ഇനിയും വിചാരണയ്‌ക്ക് ഹാജരായിട്ടില്ലെന്നും അവർ പറഞ്ഞു.
“കേസിനെ നിർണ്ണായകമായി ബാധിക്കുമെന്നതിനാൽ ഡോക്യുമെന്ററി അസമയത്തുള്ള ഒന്നാണ്, സമയബന്ധിതമല്ല. അത് അന്യായമാണ്. കോടതി വിധിക്ക് മുമ്പ് അന്വേഷണ സംഘം ഒന്നും വെളിപ്പെടുത്തരുതെന്നാണ് പ്രോട്ടോക്കോൾ,” ഡോ ലിസ പറഞ്ഞു.















