കൊച്ചി: കടുത്ത ചുമയും രക്തസ്രാവവും മൂലം അവശനിലയിലായ ഏഴുവയസുകാരന്റെ ശ്വാസകോശത്തിൽ നിന്നും പുറത്തെടുത്തത് ഹിജാബ് പിൻ. മാലിദ്വീപ് സ്വദേശിയായ കുട്ടിയുടെ ശ്വാസകോശത്തിൽ അപകടകരമായ വിധം കിടന്നിരുന്ന പിൻ കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലാണ് പുറത്തെടുത്തത്.
വസ്ത്രങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഹിജാബ് പിൻ കുട്ടി അബദ്ധത്തിൽ വിഴുങ്ങുകയായിരുന്നു. ഇതേ തുടർന്ന് കടുത്ത ചുമയും രക്തസ്രാവവും അനുഭവപ്പെട്ടു. തുടർന്ന് മാലിദ്വീപിലെ ഇന്ദിരാഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ച കുട്ടിയെ വിദഗ്‌ദ്ധ ചികിത്സക്കായി ഹെലികോപ്റ്റർ വഴി കൊച്ചിയിലെത്തിക്കുകയായിരുന്നു.
എക്‌സ്‌റേയിൽ ഇടതുവശത്തെ ശ്വാസകോശത്തിന്റെ ഏറ്റവും അടിത്തട്ടിൽ ലോവർ ലോബിനോട് ചേർന്ന് പിൻ കിടക്കുന്നതായി കണ്ടെത്തി. ഹൃദയത്തിലേക്കുള്ള പ്രധാന രക്തക്കുഴലുകൾക്ക് അടുത്തായാണ് സൂചി കിടന്നിരുന്നത്. അതിനാൽ തന്നെ അത് പുറത്തെടുക്കുക എന്നത് ശ്രമകരമായിരുന്നു.
കൊച്ചി അമൃത ആശുപത്രിയിൽ ചീഫ് ഇന്റർവെൻഷണൽ പൾമണോളജിസ്റ്റ് ഡോ ടിങ്കു ജോസഫിന്റെ നേതൃത്വത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ 5 സെന്റിമീറ്ററോളം നീളമുള്ള സൂചി മൂന്നരമണിക്കൂറോളം നീണ്ട റിജിഡ് ബ്രോങ്കോസ്‌കോപിയിലൂടെ പുറത്തെടുത്തത്.















