ശ്രീനഗർ: രാമക്ഷേത്രം കെട്ടിപ്പടുക്കുന്നതിനായി പ്രയത്‌നിച്ചവരെ അഭിനന്ദിക്കുകയാണെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഫറൂഖ് അബ്ദുള്ള. രാമൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്നും ഈ ലോകത്തെ ഓരോ ജനങ്ങളുടേതുമാണെന്നും ഫറൂഖ് അബ്ദുള്ള പ്രതികരിച്ചു. ദേശീയമാദ്ധ്യമമായ എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പരാമർശിച്ചത്.
അയോദ്ധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെടാൻ പോവുകയാണ്. രാമക്ഷേത്രം യാഥാർത്ഥ്യമാകാൻ പരിശ്രമിച്ച എല്ലാവരെയും അഭിനന്ദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ക്ഷേത്രം തുറന്നുകൊടുക്കാൻ തയ്യാറായി കഴിഞ്ഞു. ഭഗവാൻ ശ്രീരാമചന്ദ്രൻ ഹിന്ദുക്കളുടേത് മാത്രമല്ലെന്ന് പറയാൻ ഞാനഗ്രഹിക്കുകയാണ്. ലോകത്തെ എല്ലാവരുടേതുമാണ് ശ്രീരാമൻ. അത് പുസ്തകങ്ങളിൽ എഴുതപ്പെട്ടിട്ടുള്ളതാണ്. സാഹോദര്യത്തിനും സ്‌നേഹത്തിനും ഐക്യത്തിനും വേണ്ടിയാണ് അദ്ദേഹം സംസാരിച്ചിട്ടുള്ളത്. അടിത്തട്ടിൽ കിടക്കുന്ന ജനങ്ങളെ ഉയർത്തി കൊണ്ടുവരാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഒരാളുടെയും മതമോ ഭാഷയോ അദ്ദേഹം തിരക്കിയിട്ടില്ല. ലോകത്തിന് മുഴുവനുമുള്ള സന്ദേശമാണ് ശ്രീരാമൻ നൽകിയത്. ഇപ്പോൾ രാമക്ഷേത്രം ഉയർന്നുകഴിഞ്ഞു. അതു തുറന്ന് നൽകാൻ പോവുകയാണ്. എല്ലാ നല്ലവരായ ജനങ്ങളും സാഹോദര്യം നിലനിർത്തണമെന്ന് താൻ അഭ്യർത്ഥിക്കുകയാണെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.
#WATCH | Poonch, J&K: Former CM of Jammu and Kashmir and National Conference leader Farooq Abdullah says, "Ayodhya Ram Temple is about to be inaugurated. I would like to congratulate everyone who made the effort for the temple. It's ready now. I would like to tell everyone that… pic.twitter.com/V7Pb5Q8uN1
— ANI (@ANI) December 30, 2023
അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങിന് ഏതാനും ദിനങ്ങൾ മാത്രം ശേഷിക്കെയാണ് ഫറൂഖ് അബ്ദുള്ളയുടെ പ്രതികരണമെത്തിയിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യയിലെത്തുകയും എയർപോർട്ട്, റെയിൽവേസ്റ്റേഷൻ, വിവിധ വികസന പദ്ധതികൾ, ട്രെയിനുകൾ എന്നിവയുടെ ഉദ്ഘാടനം നിർവ്വഹിക്കാൻ പോവുകയും ചെയ്യുന്നതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് നാഷണൽ കോൺഫറൻസ് നേതാവിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.