മുംബൈ: വായ്പകളുടെ തിരിച്ചടവ് മുടങ്ങിയാൽ പിഴപ്പലിശക്ക് പകരം പിഴത്തുക മാത്രം ഏർപ്പെടുത്താനുള്ള റിസർവ് ബാങ്കിന്റെ നീക്കം ഏപ്രിൽ ഒന്നിലേക്ക് മാറ്റി. നിലവിൽ ജനുവരി ഒന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ ഇതിൽ സാവകാശം വേണമെന്ന ബാങ്കുകളുടെ ആവശ്യം പരിഗണിച്ചാണ് പുതിയ തീരുമാനം.
ഏപ്രിൽ ഒന്ന് മുതൽ എടുക്കുന്ന വായ്പകൾക്കാണ് പുതിയ നിബന്ധന ബാധകമാവുക. കൂടാതെ നിലവിലുള്ള വായ്പകൾക്ക് ഏപ്രിൽ ഒന്നിനും ജൂൺ 30-നു മിടയിൽ ഈ നിബന്ധന ബാധകമാക്കണമെന്നും ധനകാര്യസ്ഥാപനങ്ങൾക്ക് ആർബിഐ നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരിച്ചടവ് തുക പരിധിവിട്ട് പെരുകാതിരിക്കാൻ റിസർവ് ബാങ്ക് സ്വീകരിച്ച നടപടിയാണിത്. സാധാരണയായി വായ്പാ തിരിച്ചടവ് മുടങ്ങിയാൽ വായ്പയുടെ പലിശനിരക്കിന് മീതെയാണ് പിഴപ്പലിശ ചുമത്തുന്നത്. ഇതോടെ തിരിച്ചടവ് ബാധ്യത ഉയരും. മാത്രവുമല്ല പല ധനകാര്യസ്ഥാപനങ്ങളിലും ഇത് വിവിധ തരത്തിലാണ് കണക്കാക്കുന്നത്. ഇതിന്റെ പേരിൽ ബാങ്കും ഉപയോക്താക്കളും തമ്മിൽ ഉടലെടുത്ത തർക്കങ്ങളുമായി ബന്ധപ്പെട്ട് നിരവധി കേസുകൾ കോടതിയുടെ പരിഗണനയിലുണ്ട്.
ഈ സാഹചര്യത്തിലാണ് പലിശയ്‌ക്ക് മേൽ ചുമത്തുന്ന പിഴപ്പലിശയ്‌ക്ക് പകരം ന്യായമായ പിഴത്തുക മാത്രം ചുമത്താൻ ആർബിഐ ഉത്തരവിട്ടത്. ഇതിന്മേൽ പലിശ ഈടാക്കാനും അനുവാദമില്ല. ഇതുവഴി തിരിച്ചടവ് തുക ഭീമമായി വർദ്ധിക്കുന്നത് തടയാനാകും. വായ്പകളുടെ പലിശയിലേക്ക് അധിക ചാർജ്ജ് ലയിപ്പിക്കാനും ഇനി സാധിക്കില്ല.
കഴിഞ്ഞ ഓഗസ്റ്റിലാണ് ഇത് സംബന്ധിച്ച തീരുമാനം റിസർവ് ബാങ്ക് കൈകൊണ്ടത്. വായ്പാ കരാർ പാലിക്കുന്നതിനും തിരിച്ചടവിൽ അച്ചടക്കം സ്വീകരിക്കുന്നതിനും പിഴ ഈടാക്കാമെന്നാണ് ആർബിഐയുടെ നിർദ്ദേശം. അതേസമയം പിഴത്തുക എത്രവേണമെന്ന് ബാങ്കുകൾക്ക് തീരുമാനിക്കാം