ന്യൂഡൽഹി: ഈ വർഷം അവസാനിക്കാൻ പോകുമ്പോൾ 2023-ൽ ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്ത ഇന്ത്യക്കാരുടെ പേരുകൾ പുറത്ത് വന്നിരിക്കുകയാണ്. പ്രതീക്ഷകൾക്ക് വിപരീതമായിട്ടാണ് പലരും പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.
കായിക താരങ്ങളെയാണ് കൂടുതലും ഗൂഗിളിൽ സെർച്ച് ചെയ്തിരിക്കുന്നതെങ്കിലും ആദ്യ പത്തിൽ വിരാട് കോഹ്ലി ഇത്തവണ പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. സെലിബ്രറ്റികളോടൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പ്രചരിച്ചതോടെ ഒറ്റ രാത്രി കൊണ്ട് പ്രശസ്തനായി തീർന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറാണ് ഒർഹാൻ അവട്രാമണി. എന്നാൽ പട്ടികയിൽ ആദ്യ പത്തിൽ ഇടം പിടിക്കാൻ ഒർഹാനും സാധിച്ചിട്ടില്ല.
ഏവരെയും അത്ഭുതപ്പെടുത്തി കൊണ്ട് ഏറ്റവും കൂടുതൽ ആളുകൾ ഗൂഗിളിൽ സെർച്ച് ചെയ്ത ഇന്ത്യൻ മറ്റാരുമല്ല ബോളിവുഡ് താരം കിയാര അദ്വാനിയാണ്. ബോളിവുഡ് നായകൻ സിദ്ധാർത്ഥ് മൽഹോത്രയുമായുള്ള കിയാരയുടെ വിവാഹമാണ് ഈ നേട്ടത്തിന് കാരണമായത്. സിനിമാ ലോകവും ആരാധകരും വളരെ ഏറെ ആഘോഷിച്ച കല്ല്യാണമായിരുന്നു ഇവരുടെത്. ആദ്യ പത്തിൽ സിദ്ധാർത്ഥും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

എന്നാൽ ഇത്തവണ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഇന്ത്യക്കാർ ഏറെയും കായിരംഗത്ത് നിന്നുമുള്ളവരാണ്. ക്രിക്കറ്റ് ലോകകപ്പ് അതിന് ഒരു കാരണമായി. ഐപിഎല്ലിലും ദേശീയ ടീമിലും മികച്ച പ്രകടനം കാഴ്ചവച്ച് ആരാധക ഹൃദയം കവർന്ന ശുഭ്മാൻ ഗില്ലാണ് പട്ടികയിൽ രണ്ടാംസ്ഥാനത്ത്.

മൂന്നാം സ്ഥാനത്ത് തന്റെ പേരുകൊണ്ട് പ്രശ്സതനായ മറ്റൊരു കായിക താരമാണ്. സച്ചിൻ തെണ്ടുൽക്കറുമായും രാഹുൽ ദ്രാവിഡുമായും ബന്ധമുണ്ടെന്ന് പ്രചരിച്ചിരുന്ന ഇന്ത്യൻ വംശജനും ന്യൂസിലൻഡ് ക്രിക്കറ്റ് താരവുമായ രചിൻ രവീന്ദ്രയാണ്. തന്റെ വ്യത്യസ്തമായ പേരാണ് രചിനെ പ്രശസ്തനാക്കിയത്.

2023-ലെ ക്രിക്കറ്റ് ലോകകപ്പിലൂടെ മികച്ച പ്രകടനം കഴ്ചവച്ച ഇന്ത്യൻ ഫാസ്റ്റ് ബൗളറായ മുഹമ്മദ് ഷമിയാണ് പട്ടികയിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യക്കാരൻ. ജനപ്രിയ യൂട്യൂബറും ബിഗ്ബോസ് ഒടിടി രണ്ടാം സീസണിലെ ജേതാവുമായ എൽവിഷ് യാദവാണ് അഞ്ചാം സ്ഥാനത്ത് പട്ടികയിലുള്ളത്. ഇവരെ കൂടാതെ ഇന്ത്യൻ താരം സൂര്യ കുമാർ യാദവും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.
















