തിരുവനന്തപുരം: ചിക്കൻ ഉപയോഗിച്ചുള്ള വിഭവങ്ങളുടെ ഗുണനിലവാരം വിലയിരുത്തുന്നതിന് സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ആരംഭിച്ചു. ചിക്കൻ വിഭവങ്ങളിൽ അളവിൽ കൂടുതൽ കൃത്രിമ നിറങ്ങൾ ചേർക്കുന്നുവെന്ന് പരാതികൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. അൽഫാം, തന്തൂരി ചിക്കൻ, ഗ്രിൽഡ് ചിക്കൻ, ഷവായ എന്നീ വിഭവങ്ങൾ വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചാണ് പരിശോധന. സംസ്ഥാന വ്യാപകമായി 35 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ഇതിനോടകം 448 കടകളിൽ പരിശോധന നടത്തി. ഇവിടെ നിന്നും ശേഖരിച്ച 75 സ്റ്റ്യാറ്റിയൂട്ടറി സാമ്പിളുകളും 19 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്‌ക്കായി അയച്ചിട്ടുണ്ട്. ഫലത്തിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
വീഴ്ചകൾ കണ്ടെത്തിയ 15 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. 49 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും 74 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നൽകിയിട്ടുണ്ട്. ഇതിന് പുറമെ ക്രിസ്തുമസ്-പുതുവത്സര സീസണിൽ വിതരണം നടത്തുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനും സ്പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധന നടന്നു വരികയാണ്.