തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ കടന്നുപിടിച്ച കേസിൽ പ്രതിയ്‌ക്ക് ശിക്ഷ വിധിച്ച് തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി. സ്‌കൂൾ വിട്ട് വരവെയാണ് പ്രതി കുട്ടിയെ ആക്രമിച്ചത്. ചിറ്റാഴ മുല്ലക്കരക്കോണം വീട്ടിൽ രാജേഷാണ് പ്രതി. ഏഴ് വർഷം തടവിനും ഇരുപതിനായിരം രൂപ പിഴയ്‌ക്കുമാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കിൽ 5 മാസം കൂടി തടവ് അനുഭവിക്കണം. 2022 നവംബർ 25-നായിരുന്നു സംഭവം.
കൂട്ടി സ്‌കൂൾ വിട്ട് വരവെ പ്രതി ബഹളം വച്ചു. ഭയന്നുവിറച്ച കുട്ടി അയൽപ്പക്കത്തെ വീട്ടിലേയ്‌ക്ക് ഓടിക്കയറുകയും ചെയ്തു. രാജേഷ് പോയശേഷം ഇറങ്ങിയാൽ മതിയെന്ന് വീട്ടുകാർ കുട്ടിയോട് പറഞ്ഞു. അല്പ സമയം വീടിനുള്ളിൽ സുരക്ഷിതമായി ഇരുന്ന ശേഷം പ്രതി പോയെന്ന് കരുതിയാണ് വീട്ടിൽ നിന്നും കുട്ടി പുറത്തിറങ്ങിയത്. ഈ സമയം പ്രതി സമീപത്ത് ഒളിച്ചിരിക്കുകയായിരുന്നു.
വീട്ടിൽ നിന്നും പുറത്തിറങ്ങി നടന്നു നീങ്ങിയ കുട്ടിയെ പ്രതി കടന്നു പിടിച്ചു. അശ്ലീല ചുവയോടെ സംസാരിക്കുകയും ആക്രമിക്കുകയുമായിരുന്നു. ഇയാളുടെ കൈതട്ടി മാറ്റിയാണ് കുട്ടി ഓടി രക്ഷപ്പെട്ടത്. വീട്ടിലെത്തിയ കുട്ടി നടന്ന സംഭവം പറഞ്ഞതോടെ മാതാപിതാക്കളാണ് പോലീസിൽ പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.