മോസ്കോ: ഇന്ത്യയ്‌ക്ക് പുതുവത്സര സന്ദേശം നേർന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. പ്രസിഡന്റ് ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്കുമാണ് റഷ്യൻ പ്രസിഡന്റ് സന്ദേശം അയച്ചിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമായി തന്നെ മുന്നോട്ടു പോകുന്നുണ്ട് എന്നതിന്റെ തെളിവാണ് പുടിന്റെ പ്രതികരണം. കഴിഞ്ഞ വർഷത്തെ ചില സുപ്രധാന സംഭവവികാസങ്ങളും ഇന്ത്യ-റഷ്യ ഉഭയകക്ഷി സഹകരണവും റഷ്യൻ പ്രസിഡന്റ് പുതുവത്സര സന്ദേശത്തിൽ പങ്കുവെച്ചു.
വിവിധ അന്താരാഷ്‌ട്ര സാഹചര്യങ്ങൾക്കിടയിലും റഷ്യയും ഇന്ത്യയും തമ്മിലുള്ള സവിശേഷവും പ്രത്യേകവുമായ തന്ത്രപരമായ പങ്കാളിത്തം ചലനാത്മകമായി വികസിച്ചുകൊണ്ടിരിക്കുന്നു. വ്യാപാരം അസാധാരണമായ ഉയർന്ന നിരക്കിൽ വളർന്നു. വിവിധ മേഖലകളിൽ സംയുക്തമായി പദ്ധതികൾ വിജയകരമായി നടപ്പിലാക്കി. ബഹുമുഖ ഉഭയകക്ഷി ബന്ധങ്ങൾ വികസിപ്പിക്കുന്നതിനും പ്രാദേശിക, ആഗോള തലങ്ങളിൽ സുരക്ഷയും സുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും സഹകരിച്ചു എന്നും പുടിൻ പറഞ്ഞു.
ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെയും ജി 20 യുടെയും അദ്ധ്യക്ഷ പദവി ഇന്ത്യ വഹിച്ചതുകൊണ്ടുള്ള നേട്ടങ്ങളെപ്പറ്റിയും റഷ്യൻ പ്രസിഡന്റ് വാചാലനായി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബഹുമുഖ ഉഭയകക്ഷി ബന്ധം വികസിപ്പിക്കുകയും പ്രാദേശിക സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങൾ ഫലപ്രദമായി ഏകോപിപ്പിക്കുകയും ചെയ്യുമെന്നും പുതുവത്സര സന്ദേശത്തിൽ വ്‌ളാഡിമിർ പുടിൻ ഉറപ്പ് നൽകുന്നു.















