കോഴിക്കോട്: പുതുവത്സരാഘോഷങ്ങൾക്കായി നഗരങ്ങളെല്ലാം അവസാനഘട്ട ഒരുക്കത്തിലാണ്. കേരളത്തിലെ പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കോഴിക്കോട് നഗരത്തിൽ ഇന്ന് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ എ.ജെ ജോൺസൺ അറിയിച്ചു.
ചരക്കുവാഹനങ്ങൾക്ക് നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്കുണ്ട്. യാത്രക്കാരില്ലാതെ എത്തുന്ന മറ്റ് വാഹനങ്ങൾ നഗരപരിധിക്ക് പുറത്ത് പാർക്കിംഗ് നടത്താൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ ഇന്ന് വൈകിട്ട് മൂന്നു മണിക്ക് ശേഷം കോഴിക്കോട് ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനത്തിനും പാർക്കിംഗിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്ക് പിഴ ഈടാക്കുകയും ക്രെയിൻ ഉപയോഗിച്ച് നീക്കുകയും ചെയ്യും. നിയമലംഘനം നടത്തുന്നവരുടെ ലൈസൻസ് റദ്ദാക്കും. പൊതുജന ജീവിതത്തിന് ഭീഷണിയാവുന്ന തരത്തിലുള്ള വാഹന അഭ്യാസ പ്രകടനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
നഗരത്തിലെ വിവിധയിടങ്ങളിലായി 10 സബ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ കർശന പരിശോധനയാണ് നടത്തുന്നത്. ആഘോഷം സുഗമമായി നടത്തുന്നതിന് നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിക്കണമെന്ന് ട്രാഫിക് അസിസ്റ്റന്റ് കമ്മീഷണർ അറിയിച്ചു.















