ന്യൂഡൽഹി: അസമിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ഉൾഫ സമാധാന ഉടമ്പടിയെ സ്വാഗതം ചെയ്ത് സിംഗപ്പൂർ. ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലകളിലേക്ക് വിദേശ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കാൻ ഉൾഫയുമായുള്ള സമാധാന ഉടമ്പടി സഹായകമാകുമെന്ന് സിംഗപ്പൂർ അറിയിച്ചു. ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോംഗ് എക്‌സിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
”ഉൾഫയും കേന്ദ്രസർക്കാരും അസം സർക്കാരും തമ്മിൽ ത്രികക്ഷി സമാധാന ഉടമ്പടി യാഥാർത്ഥ്യമായതിൽ അതീവ സന്തോഷം രേഖപ്പെടുത്തുന്നു. സിംഗപ്പൂർ അടക്കമുള്ള രാജ്യങ്ങൾക്ക് ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലയിലേക്ക് നിക്ഷേപം വർദ്ധിപ്പിക്കാൻ ഈ സമാധാന ഉടമ്പടി സഹായിക്കും.” സൈമൺ വോംഗ് കുറിച്ചു. ഉൾഫ സമാധാന ഉടമ്പടി നടപ്പിലാക്കിയതിന് പിന്നാലെ ഇക്കാര്യം അറിയിച്ചുകൊണ്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പങ്കുവച്ച കുറിപ്പ് റീ-ട്വീറ്റ് ചെയ്തായിരുന്നു സിംഗപ്പൂർ ഹൈക്കമ്മീഷണർ പ്രതികരണം അറിയിച്ചത്.
We are happy to see the historic tripartite peace pact signed amongst ULFA, GOI and the Govt of Assam. This will anchor peace in the region and give a big boost to foreign investors like Singapore to move into the Northeast. – HC Wong @PMOIndia @CMOfficeAssam @HMOIndia https://t.co/u0QuyPRXvH
— Singapore in India (@SGinIndia) December 30, 2023
കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉൾഫ പ്രതിനിധികളും അസം സർക്കാരും സമാധാന കരാറിൽ ഒപ്പുവച്ചത്. ഇതോടെ ആയുധം താഴെ വയ്‌ക്കുകയാണെന്ന് ഉൾഫ ഭീകരർ അറിയിക്കുകയും സംഘടനയെന്ന നിലയിൽ ഉൾഫയെ പിരിച്ചുവിടുമെന്ന് അമിത് ഷാ വ്യക്തമാക്കുകയും ചെയ്തിരുന്നു. അസമിലെ ഏറ്റവും പഴക്കം ചെന്ന സായുധ സംഘടനകളിലൊന്നാണ് ഉൾഫ. മേഖലയിൽ നിരവധി സംഘർഷങ്ങൾക്കും ഭീകരവാദ പ്രവർത്തനങ്ങൾക്കും സംഘടന കാരണമാവുകയും ചെയ്തിട്ടുണ്ട്. ഉൾഫയുടെ ആക്രമണത്തിൽ സാധാരണക്കാരായ നിരവധി പേരായിരുന്നു കൊല്ലപ്പെട്ടത്. 1979ൽ സ്ഥാപിതമായിട്ടുള്ള ഉൾഫ 2011ൽ രണ്ട് ഗ്രൂപ്പുകളായി മാറിയിരുന്നു. ഇതിൽ തന്നെ അരബിന്ദ രാജ്‌ഖോവ നയിക്കുന്ന ഉൾഫ വിഭാഗമാണ് സമാധാന ഉടമ്പടിയിൽ പങ്കുചേർന്നത്. പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ (ഇൻഡിപെൻഡന്റ്) സമാധാന ചർച്ചകളിൽ പങ്കാളികളായിട്ടില്ല.
ഉടമ്പടി പ്രകാരം ഉൾഫ മുന്നോട്ടുവച്ചിട്ടുള്ള ആവശ്യങ്ങൾ നിറവേറ്റുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ഉറപ്പുനൽകിയിട്ടുണ്ട്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ബോഡോ, ദിമാസ, കർബി അടക്കമുള്ള അസമിലെ നിരവധി വിമത സംഘടനകളുമായി സമാധാന കരാറിലേർപ്പെടാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.















